2,403


Download in HD Quality (PDF)

ഞാനീലോകത്തൊരു അപരിചിതന്‍
ജീവിതത്തിന്റെ ഗദ്യം ഞാന്‍ കവിതയായിവിടെ കുറിക്കുന്നു
ഗദ്യത്തിനുള്ളില്‍ ജീവിതത്തിന്റെ കവിത നിറയ്ക്കുന്നു
അങ്ങനെ ഞാനൊരപരിചിതന്‍.
മരണം എന്നെ കീഴടക്കി എന്റെ ജന്മനാട്ടിലേക്ക്
ഏറ്റിക്കൊണ്ടു പോകുന്നതുവരെ മാത്രം
ഞാനൊരപരിചിതന്‍
(ഖലീല്‍ ജിബ്രാന്‍)

മരണം എല്ലാ മുഖങ്ങള്‍ക്കും ഒരേ ഛായ പകരുന്നു. ജീ വിതത്തിന്റെ മുഖങ്ങളാകട്ടെ എന്നും അപരിചിതമാണ്. ഒരിക്കലും തെളിഞ്ഞുകിട്ടാത്ത വൈരുധ്യങ്ങളുടെ കലക്ക മാണ് ലോകം. ആത്മീയവും ധാര്‍മികവുമായ അന്വേഷണ ത്തിന്റെ അനന്തമായി അകലുന്ന പ്രപഞ്ചപ്പൊരുളെന്ന പ്ര ഹേളിക- അതിന്റെ വിവിധ മണ്ഡലങ്ങളിലൂടെ എന്നുമുള്ള ഈ ഉഴറല്‍, കന്മഷദുരാഗ്രങ്ങളുടെ യുദ്ധക്കളങ്ങള്‍. അവതരി ച്ചുകൊണ്ടിരിക്കുന്ന രക്ഷകവിഗ്രഹങ്ങള്‍, വിഗ്രഹഭഞ്ജകന്‍ മാര്‍, മരുഭൂമികള്‍ ഉണ്ടാകുന്നത് എന്തുകൊണ്ട് എന്ന് ചിന്തി ക്കാന്‍ തോന്നിയിട്ടില്ലാത്ത വാണിജ്യ മനസ്സുകള്‍… ഈ പരു പരുപ്പില്‍ നിന്ന് ലയത്തിന്റെ ധാര സൃഷ്ടിക്കുവാനാണ് കവി ശ്രമിക്കുന്നത്. പുറത്തെ കലഹങ്ങള്‍ക്കിടയില്‍ കവിമാത്രമല്ല അപരിചിതന്‍. ആരും ആരെയും അറിയുന്നില്ല. അറിവാണ് രഞ്ജന. അതറിയുന്നവന്‍ കവി.
എല്ലാവരും കവിത്വത്തിലേയ്ക്കുയരുന്ന ഒരു കാലം ഉണ്ടാകുമോ? അടുത്തടിവെച്ചു പിടിക്കുവാന്‍ നോക്കെ/അക ലേയ്ക്കു പായും വെളിച്ചമേ നിന്നെ/ശരിക്കു സാത്വികക്കറുകി യേകി ഞാന്‍/മെരുക്കുവാന്‍ നോക്കും മരിക്കുവോളവും (പി. കുഞ്ഞിരാമന്‍ നായര്‍)-ഇണക്കത്തിനായുള്ള ത്വര ഒരിക്കലും സഫലമാകുന്നില്ല. അതിലെത്തിച്ചേരും മുമ്പുളള പിണക്ക ങ്ങളെ, പിണച്ചിലുകളെ. വൈരുധ്യാത്മക സൗന്ദര്യബോധ ത്തോടെ ആവിഷ്‌കരിക്കുന്ന കവിയാണ് ശിവദാസ് പുറമേരി.

ചൂഴ്‌ന്നെടുക്കപ്പെട്ട കണ്ണിലെ
അനന്തമായ സിരാപടലങ്ങളില്‍ നിന്ന്
അറുതിയില്ലാത്ത ഒരു കവിത
മരണത്തിന്റെ ഭൂഗര്‍ഭങ്ങളില്‍ നിന്ന്
വാര്‍ദ്ധക്യത്തിന്റെ ഒരു നെറ്റിക്കണ്ണ്
(മൂന്നാംകണ്ണ്)

സമന്വയത്തിനായുള്ള ദാഹമുണ്ട്. ദേശകാലത്തിന്റെ അതിര്‍ത്തികള്‍ മാഞ്ഞുപോകുന്ന വിധത്തിലുള്ള പുനഃസൃ ഷ്ടികൊണ്ടേ അത് സാധിക്കൂ. ജരാനരകള്‍ക്കും മനസ്സിന്റെ മരണത്തിനും ഇടയ്ക്ക്, തുറന്നിരിക്കുന്ന തരുണചേതനയുടെ കണ്ണാണ് കവി തേടുന്നത്. പാഞ്ഞൊളിക്കുന്ന വെളിച്ചങ്ങളെ അറുതിയില്ലാത്ത കവിതയായി തിരികെപ്പിടിച്ചെടുക്കാന്‍ കഴിയുന്ന ഒരു കണ്ണ്. ആധിപത്യശക്തികളുടെ ചൂഴ്‌ന്നെടുക്ക ലുകളെ അതിജീവിച്ചു നില്‍ക്കുന്ന ഒരു ദര്‍ശനവിശേഷമാണ് ഇവിടെ കവി നേത്ര രൂപകങ്ങളിലൂടെ പ്രകാശിപ്പിക്കുന്നത്. മൃതിയില്‍ നിന്ന് ജീവിതത്തെ, ജീവിതത്തില്‍ നിന്ന് ഹൃദയ ത്തെ, ഹൃദയത്തില്‍ നിന്ന് വാക്കിനെ, വാക്കില്‍ നിന്ന് വഴിയെ കണ്ടെടുക്കുവാന്‍ ഏറെ നരകം അനുഭവിക്കേണ്ടതുണ്ട്. (മൂന്നാം ചുവട്) വഴിവെട്ടുന്നവനാണ് കവി എന്ന് കക്കാട്. പെരു വഴി വേണോ, പുതുവഴി വേണോ? പുതുവഴി വഴിപാടിനു മാത്രമാവുന്ന ഇന്നത്തെ അനുഷ്ഠാനക്കളരിയില്‍ ഈ കവി അംഗത്വമെടുത്തിട്ടില്ല.

പുതുവഴികളെക്കുറിച്ചുള്ള വിഭ്രാ ന്തികള്‍ നിറഞ്ഞ മനസ്സ് ഈ കവിക്കുണ്ട്. കലക്കങ്ങള്‍ വിട്ട് സ്വന്തമായൊരു വഴി തെളിക്കാന്‍ പറ്റുമെന്നതിന്റെ അട യാളങ്ങള്‍ ഈ സമാഹാരത്തിലുണ്ട്. അടഞ്ഞ ആഴങ്ങളല്ല അടയാളങ്ങള്‍. ആഴങ്ങളുടെ അടുത്തുവരെ എത്തിയതി ന്റെയും ചില ആഴങ്ങളുടെ ഉള്ളില്‍, മരണത്തിന്റെ ഭൂഗര്‍ഭങ്ങളി ലൂടെയെന്നോണം, ചെന്ന് സ്വന്തം പേരു കൊത്തിവെയ്ക്കാന്‍ ശ്രമിച്ചതിന്റെയും സൂചനകള്‍കാണാം. മൃതിക്കും ജീവിതത്തി നും ഇടയിലാണ് ഓരോ കവിതയുടെയും ജനനം. മൃതിയുടെ നിശ്ചലദേശത്ത് ജീവിതത്തിന്റെ ചലനാത്മകകാലം ആവാഹി ക്കാനുള്ള യത്‌നവുമാണത്.

മിത്രതയെഴുതിയ വരികള്‍, വരികള്‍-
ക്കിടയില്‍ മുറ്റിവളര്‍ന്നൊരു മൗനം
(മൂന്നാംചുവട്)
വാക്കും മൗനവും തകര്‍ന്നടിഞ്ഞ
പ്രാചീന തുറമുഖം
(കവിമുഖം)

ശത്രുതയില്‍ നിന്നല്ല, ജീവിതത്തിന്റെ ചലനം; മതങ്ങളും തത്ത്വശാസ്ത്രങ്ങളും നിരുപാധികമായ കവിതയായി വികസിക്കുമ്പോഴേ താളം അനുഭവപ്പെടൂ. എല്ലാം തുറന്നു പറയുന്നില്ല കവിത. പാതിതുറന്ന വാതിലുകള്‍പോലെ, താ ക്കോല്‍പഴുതുകള്‍പോലെ, ചിലപ്പോള്‍ താക്കോല്‍പോലെ. വരികള്‍ക്കിടയില്‍ മുഴങ്ങാന്‍ കാത്തിരിക്കുന്ന മൗനങ്ങളു ണ്ടാവും. മിത്രതയുള്ള ഹൃദയങ്ങള്‍ക്കേ അവ മുഴങ്ങിക്കിട്ടൂ, അതിനാല്‍ കവി വാക്കും മൗനവും തകര്‍ന്നടിഞ്ഞ പ്രാചീന തുറമുഖങ്ങളില്‍ നിന്ന് പുരാവശിഷ്ടത്തില്‍നിന്ന്, പുരാബിം ബത്തില്‍ നിന്ന്, പുരാവസ്തുവില്‍ നിന്ന്, പുരാമുഖത്തില്‍ നിന്ന് പുതിയ മനുഷ്യരുടെ സ്ഥലകാലങ്ങളിലേക്ക് കുതിക്കു കയാണ് എപ്പോഴും. സ്‌നേഹസമ്പര്‍ക്കങ്ങളുടെ ഭാഷകള്‍ മറ ന്ന് ആളൊഴിഞ്ഞ അരങ്ങത്ത്, അപരിചിതമായ പ്രാചീന ലിപി കള്‍ കൊണ്ട് പ്രാണനുഴിഞ്ഞിരിക്കേണ്ടി വരിക ഒരു ദുരന്ത മാണ്. എന്നാല്‍ മിത്രത നിറഞ്ഞ സൗമ്യഭാഷകളുടെ ലളിത വായനയ്ക്ക് ത്വരകൊള്ളുന്ന കവി, പുതുകാലത്തിന്റെ വായ നാകൗശലങ്ങളെല്ലാം ചതിയന്‍ വളവുകള്‍ നിറഞ്ഞതാ ണെന്ന് (ഇരപിടുത്തം) കാണുന്നു. സങ്കേതബദ്ധനും സൂത്ര ശാലിയുമായ നിരൂപകനില്‍ നിന്ന് രക്ഷപ്പെട്ട് തന്റെ നിലപാട് ഉപഹാസത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

ചതികളേറിയ വാമനച്ചുവടുകള്‍-
ക്കടിയിലമരുന്ന ജീവന്റെ യവസാന-
പഴുതിലൂടെ യിരമ്പുവാനൊരു പെരും-
ചുഴലിയാഴത്തിലുറയാതിരിക്കുമോ
(ഗോത്രഗതി)

ഇങ്ങനെ ‘പുരാബിംബങ്ങ’ങ്ങളിലൂടെയാണെങ്കിലും മഹാബലിയുടെ ആത്മാവുള്ള ഒരു പെരുംചുഴലി വരുമെന്ന പ്രതീക്ഷയാണ് കവി പ്രകടിപ്പിക്കുന്നത്. മൂന്നാം ചുവടിലും ഗോത്രഗതിയിലും മറ്റുചില കവിതകളിലും ആവര്‍ത്തിക്കുന്ന ബലി-വാമനദ്വന്ദ്വം ഒരു ചാലകശക്തിയാണ്. ജീവിതത്തിന്റെ യും കവിതയുടെയും സമാലികച്യുതികളും തിരിച്ചറിയാന്‍ കൂടിയാണ് കവി നിലകൊള്ളുന്നത്. അറിഞ്ഞും അറിയാതെ യും ജീവിതത്തെ മൂടിപ്പൊതിഞ്ഞിരിക്കുന്ന മാമൂലുകള്‍ പോ ലെ, ആത്മാവു കെടുത്തുന്ന പല ആചാരങ്ങളും കവിതയെ യും വരള്‍ച്ചയിലേക്കും മങ്ങൂഴത്തിലേക്കും എത്തിച്ചിട്ടുണ്ടാ കും. അവയെ ഭേദിക്കണം, മുന്നോട്ടുപോകണം. ‘തപ്തമാന സ കാന്താരസീമ’കളില്‍ നിന്നും ‘നിര്‍ജലീകൃതകാലങ്ങളി’ല്‍ നിന്നും സ്വത്വ നിനവുകളുടെ പുതുമയിലേക്ക് കവി സഞ്ചരി ക്കുകയാണ്. വാക്കിന്റെ വിശേഷമായ വിളക്കം തേടുന്ന കവി ശീലങ്ങളുടെ തടവിനെ തിരിച്ചറിഞ്ഞ് ‘രഹസ്യങ്ങളുടെ രഹസ്യങ്ങളിലേക്ക് ഒതുങ്ങുന്ന കുള’ത്തിന്റെ ഭാഷ കണ്ടെ ത്തുന്നു. തന്റെ വാക്കിന്റെ വഴിവെട്ടുന്നു. ‘തടവുജല’ത്തില്‍ നിന്ന് മോചിതമാകുന്ന ഒരു സമൂഹാസ്തിത്വമാണ് കവി പ്രതീ ക്ഷിക്കുന്നത്. അതിന്റെ ആവാഹന സൂചനകളാണ് തന്റെ വാക്കുകള്‍.
2.
ഓരോ കവിതയും, ശീലകങ്ങളുടെ അറുത്തിട്ടുപോക്കാക ണം, ജീവിതത്തിന്റെ ഓരോ നിമിഷവും ആചാരശീലങ്ങളും ഉച്ചാടനമാവണം:
മൃത്യുവില്ലെനിക്കീമൗനകാലവു-
മുഷ്ണനിദ്രയും കൈവെടിഞ്ഞിട്ടു ഞാ-
നിപ്പുറന്തോടു പൊട്ടിച്ചു ജീവന്റെ
ഉത്സവങ്ങളായാടിത്തിമര്‍ത്തിടും.
ആവരണങ്ങള്‍ നീങ്ങിക്കിട്ടണം; ഇളക്കിമാറ്റണം. അപ്പോ ഴേ ‘സത്യ സൗന്ദര്യങ്ങളുടെ സന്ദേശകാര’നാവൂ. വാക്കുകളു ടെ തോന്നലുകള്‍ക്കായി സ്വയം വിന്യസനം ചെയ്തുപോരു ന്ന, ‘വീണേടം വിഷ്ണുലോക’മായിത്തീരുന്ന, സൂത്രപ്പണി ഈ കവിതകളിലില്ല. അനുഭവങ്ങളാണ് കവിയുടെ വാക്കു കള്‍. അനുഭവങ്ങളുടെ കാലദേശസംസ്‌കൃതി എന്നു വിളിക്കാ വുന്ന ഒരു തട്ടകം ശിവദാസിന്റെ കവിതകളിലുണ്ട്. വാക്കുകളു ടെ തനിമയിലൂന്നുകയും ഭാവം കൊണ്ട് ഉള്‍ക്കരുത്തുകാട്ടാതി രിക്കുകയും ചെയ്യുന്ന രചനാ കൗശലത്തിന്റെ കവിത എന്നും ഉണ്ട്. അവ കൊണ്ടാടപ്പെടുകയും ചെയ്യാറുണ്ട്.

എന്നാല്‍ താന്‍ അനുഭവിക്കുന്ന ജനജീവിതത്തില്‍ നിന്ന് ചീന്തിമാറ്റാന്‍ കഴി യാത്ത മൂലകങ്ങളുടെ, കല്പനാപരമായ പരിണാമത്തിലും പരിമാണത്തിലും ഊന്നുന്ന കവിയാണ് സംസ്‌കൃതിയുടെ അവകാശി. ഇവിടെ ചെറിയൊരു കാഴ്ചയില്‍ പോലും പുതു കാല വാഴ്‌വിന്റെ ‘പരസ്യതാള’വും ‘തവണവ്യവസ്ഥ’കളുടെ ചതിക്കുഴികളും കവി വരച്ചിടുന്നു. (സണ്‍ഡേ)
കവിത ഖനനം ചെയ്യപ്പെടുന്ന
കണ്ണിന്റെ ആഴങ്ങളില്‍
കാരുണ്യത്തിന്റെ ആയിരം പടവുകള്‍
(കവിമുഖം)
എന്ന് എഴുതുന്നവന്‍ ഇടനെഞ്ചില്‍ കുഴിക്കുന്നവനാണ്. കാക്കാലനും കവിയും: കാക്കാലന്റെ നിലപാടിനെ ധര്‍മസ ങ്കടത്തോടെ അംഗീകരിക്കുന്ന കവിയെ കാണേണ്ടത് ഈ അഭിസന്ധിയിലാണ്.
സത്യമല്ലാത്ത വാക്കുപേക്ഷിക്കുക
വ്യര്‍ത്ഥഭാഷ്യം ചമയ്ക്കാതിരിക്കുക
എന്ന് ഉപദേശിച്ച് കാക്കാലന്റെ വയറ്റുപ്പിഴപ്പായ പണിയെ മാറ്റിമറിക്കാനാവില്ല. അതിനാല്‍ കാക്കാലന്റെ മറുപടിയാണ് സത്യത്തിന്റെ മുഴക്കമായിത്തീരുന്നത്.

ജീവതം നുണയാകുന്ന കാലത്ത്
നേര് സര്‍വര്‍ക്കുമപ്രിയമാകുന്നു
നേര് ചൊല്ലിക്കുലം മുടിക്കാതെന്റെ
നേരിലൂടെ നടന്നിറങ്ങട്ടെ ഞാന്‍

എന്ന കാക്കാലവാക്യത്തില്‍ കാലഘട്ടത്തിന്റെ ദുരന്തമറി യുന്ന കവിതയുടെ കറുത്ത ഉപഹാസം മുഴങ്ങുന്നുണ്ട്. ഇതാണ് കവിതയുടെ വളര്‍ച്ച. ഇന്നോളം വ്യുല്‍പാദിപ്പിക്ക പ്പെട്ട എത്രയോ അനുഭൂതിബിംബങ്ങളുണ്ട്. -ആ ചര്‍വിതക ളെ വീണ്ടും ചവയ്ക്കാനല്ല; ഒരു തിരിവ് സാധിക്കുമോ എന്നാ ണ് കവിയുടെ നോട്ടം. അങ്ങനെയാണ് കാക്കാലനിലൂടെ കാലത്തിന്റെ നയവും അടവും പ്രദര്‍ശിപ്പിക്കപ്പെടുന്നത്. സത്യാസത്യങ്ങളുടെ ആപേക്ഷികതാളം സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് ഈ കവിതയുടെ നേട്ടം. അവനവന്റെ നേര് എന്താണെന്ന് കവി അന്വേഷിക്കുന്നു. എങ്ങനെ ഇവിടം ദുരന്തഭൂമിയായിത്തീര്‍ന്നുവെന്ന് കവി കാട്ടിത്തരുന്നു.

ഹരിതപത്രങ്ങള്‍തന്‍ ജടയില്‍ നിന്നിളവെയില്‍-
ക്കവിതയും പൂവും കൊഴിഞ്ഞുപോകെ
വനലഹരിയില്‍ നൃത്തമാടിയ മനസ്സില്‍ നി-
ന്നുണര്‍വിന്റെ ഗീതികള്‍ തോര്‍ന്നുപോകെ
ഒരുദിനം ഋതുകന്യകയ്‌ക്കൊപ്പമിവരുമീ
കടവുകളുപേക്ഷിച്ചു യാത്രയാകും
ഹിമമുദ്രകള്‍ മാഞ്ഞ പടവുകളിലൊക്കെയും
നിറമുള്ള തൂവലുകള്‍ ബാക്കിയാവും
(ദേശാടകര്‍)

കവിതയിലെ കാല്പനികത യാഥാര്‍ത്ഥ്യത്തിന്റെ മറുപുറ മാണ്. മറുപുറം തപ്പുന്നത് മര്‍ത്ത്യരീതിയെന്ന് വൈലോപ്പി ള്ളി. പ്രാകൃതനാണ് സാഹിത്യകാരന്‍ എന്നും അദ്ദേഹം പറ ഞ്ഞിട്ടുണ്ട്. (‘കുടിയൊഴിക്കല്‍’). പ്രകൃതിയുടെ രൂപകങ്ങളി ലൂടെ മനുഷ്യപ്രകൃതിയുടെ വ്യജ്ഞന നിര്‍വഹിക്കുന്ന, വികാ രങ്ങളുടെ ചലന-നിശ്ചലതകളെ തല്‍സ്വരൂപങ്ങളായ പ്രാകൃ തികവിഭാവങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്ന രീതി; ചിലപ്പോള്‍ അമൂര്‍ത്തതയുടെ പരമാവധിയായ കടന്നുകയറ്റം; കാല്പനി ക പിരമിഡിന്റെ ഉച്ചിയിലിരുന്നു പാടുന്ന അനുഭവസ്ഥന്‍- ഇതൊക്കെ കാല്പനിക കവിതയുടെ സ്വഭാവമാണെങ്കില്‍, കല്പനകളെ വെട്ടിമാറ്റിക്കിട്ടുന്ന പരുക്കന്‍ യാഥാര്‍ത്ഥ്യത്തില്‍ എന്തൊരു കവിതയാണുണ്ടാവുക? മനുഷ്യമനസ്സിന് കൂടുതല്‍ യാഥാര്‍ത്ഥ്യത്തെത്താങ്ങാന്‍ കഴിയില്ലെന്ന് എലിയറ്റുപോലും പറഞ്ഞുപോയി. വാക്കിന്റെ വഴികള്‍ അനന്തമാണ്. പ്രസ്ഥാ നക്കല്ലറകളില്‍ കവിതകളെ പിടിച്ചിടേണ്ടതില്ല. ഒന്നുണ്ട്; കാല്പനികതയ്ക്ക് സ്ഥിരമായ ചില സന്ധിബന്ധങ്ങള്‍, രക്തപ്രവാഹരീതികള്‍, സ്ഥായികള്‍ കണ്ടുവരുന്നു. ശിവദാ സന്റെ ‘ദേശാടകര്‍’ മുതലായ കവിതകള്‍ ഈ സാമാന്യത യില്‍ വിശേഷമായിത്തീരാന്‍ ശ്രമിക്കുന്നവയാണ്. ഏറെ ക്കാലം കാല്പനിക വ്യവസ്ഥയുടെ ഗര്‍ഭകുടവും പേറി ‘വിഭ്രമ ക്കുന്നു’കളില്‍ കഴിയാനാവില്ല. അതിനാല്‍ ഇനി ‘ഇറക്ക’മാ ണ്. സ്വന്തം വീട്ടിലേക്ക്. വീട് മിക്ക കവികള്‍ക്കും ‘അസ്‌ക്യത’ യുടെ രൂപകമാണ്; അസ്വസ്ഥതയുടെ അങ്കക്കളരിയാണ്. ചോര്‍ന്നൊലിക്കുന്ന മുറി, ചുമര്‍ചിത്രങ്ങള്‍ എന്നീ കവിതക ളും ഈ നിലയില്‍ പ്രധാനമാകുന്നു.

3.
അന്ധകാരത്തില്‍ നിന്നും കുതിച്ചുപെയ്യുന്ന മഴ- ‘ചോര്‍ ന്നൊലിക്കുന്ന മുറി’ : ശീര്‍ഷക വിശേഷം കൊണ്ടും അതിന്നാ ധാരമായ അനുഭവതകൊണ്ടും ഓര്‍മ്മയില്‍ കൊത്തിവെച്ച പോലെ. അടക്കിപ്പിടിച്ച വലിയൊരു മുറിവാണത്. മുറിവു തന്നെ അതിന്റെ മരുന്ന്. മരണത്തിന്റെ വക്കോളമൊന്നു പോയി മാറിത്തിരിച്ചെത്തുവാനെടുക്കുന്ന കാലയളവ് ബാ ഹ്യാര്‍ത്ഥത്തില്‍ ചെറുതാണ്. എന്നാല്‍ ആ പീഢാനുഭവത്തി ന്റെ കുറ്റിരുള്‍ മൂടിയ ആഴങ്ങളിലൂടെയുള്ള യാത്ര: ആ യാത്ര യുടെ അവസാനിപ്പിക്കലും പൊടുന്നനെ നരകത്തീയില്‍ നി ന്നുമുകളിലേക്കുള്ള കുതിച്ചുകേറലും ഒരു നന്തനാര്‍ അനുഭവ’ മായിട്ടാണ് മലയാള സാഹിത്യത്തില്‍ കേള്‍വിപ്പെട്ടിട്ടുള്ളത്.

ഇവിടെ കവി തരുന്ന കാവ്യപാഠത്തിലെ ഭര്‍ത്താവും ഭാര്യയും മക്കളും വൈയക്തികാനുഭവത്തിന്റെ മൂലകങ്ങളായാലും വേണ്ടില്ല, സാമാന്യ ദുര്‍ഗതിയുടെ സൂചകങ്ങളായാലും വേ ണ്ടില്ല, സിരകള്‍ വലിഞ്ഞുമുറുകിപ്പൊട്ടുന്ന ഒരു ആരോഹണ ഗതിയും ഒടുവില്‍ ‘വയ്യെനിക്കണയ്ക്കുവാന്‍/പ്രാണന്റെ വിളക്കുകള്‍’ എന്ന അവരോഹണഗതിയും -അവയ്ക്കിടയി ലുള്ള ഉള്ളത്തിന്റെ ഉലച്ചിലുകളും അവ പകര്‍ന്നുതരുന്ന പ്രതീകമാനമായ ബിംബവിന്യാസങ്ങളും -കൊണ്ട് ഇതാ ഇപ്പോള്‍ത്തന്നനെ ഈ കവി ഒരു മാസ്റ്റര്‍ പീസിന്റെ മനസ്സു ള്ളവനായിത്തീര്‍ന്നിരിക്കുന്നു.

‘പാതിവെച്ചു മുറിഞ്ഞു പോകുന്നൊരീ
ആയുര്‍രേഖയിലെത്രനാളുണ്ടിനി
കഷ്ടകാലങ്ങള്‍ തന്‍ വ്രണചിഹ്നങ്ങള്‍
ഒക്കെയും നീ വിവര്‍ത്തനം ചെയ്യുക’

അനുഭവങ്ങളുടെ വിവര്‍ത്തകനാണ് താനെന്ന് കവി സൂചി പ്പിക്കുന്നു. കാക്കാലന് ഉപജീവനാര്‍ത്ഥം നുണപറയേണ്ടി വരു ന്നു. കവിക്ക് കാക്കാലനാവാന്‍ കഴിയില്ല. ‘എഴുത്തോ നിന്റെ കഴുത്തോ’ – എഴുത്തുതന്നെ പ്രധാനം. ആത്മഹത്യയുടെയും വംശഹത്യയുടെയും മുന്നറിയിപ്പുകള്‍ പോലും തരുവാന്‍ കവി ക്ക് കഴിഞ്ഞേയ്ക്കും. ആത്മഹത്യതന്നെയാണ് വംശഹത്യ യ്ക്കും നിദാനമെന്ന് തിരിച്ചറിയുന്ന കവി, ആ പീഢാനു ഭവത്തെ മുഖാമുഖം കണ്ട് നീര്‍കെട്ടിയ മനസ്സോടെ വര്‍ത്തിച്ച്, ഭൂമിയെ മൂടിക്കെട്ടുന്ന നിശ്ശൂന്യത മുന്‍കൂട്ടിക്കണ്ട് അപമൃത്യു വിന്‍ സ്മൃതിമണ്ഡപവും വൃദ്ധരോഗി തന്‍ ചിരിയെന്ന പോലു റക്കത്തി/ചിതല്‍ തിന്നൊരുവാതിലുമാണ് ആത്മഹത്യകൊ ണ്ടുള്ള ഭാവിയെന്നറിഞ്ഞ്, വര്‍ത്തമാനദുരിതം തന്നെ അമൃതം എന്നറിഞ്ഞ് കൈയേല്‍ക്കുന്നു.

ഇവിടെ മഴ മരണമാണ്; അതിനെ ജീവിതമാക്കിത്തീര്‍ക്കു ന്നു, കവി. ‘ഭൂതമിങ്ങനെയാണെങ്കിലും നിറ/മേറിടുന്നൊരു ഭാവികാലം വരും’ എന്ന കാക്കാലന്റെ നുണസത്യം (സത്യനു ണ) അനുപേക്ഷണീയമാവുന്നു. പ്രതീക്ഷാനിര്‍ഭരമായ ദുര ന്തം: പ്രതീക്ഷയുടെ സ്‌നിഗ്ധമായ മുളയ്ക്കലും വളരലും ഒടുങ്ങലും. അതിന്റെ സ്വാഭാവിക വൈപരീത്യങ്ങള്‍: ആ വൈപരീത്യങ്ങളുടെ ആഴത്തട്ടില്‍ കുടുങ്ങിപ്പോയ കവി മോചനത്തിന്റെയും അനിവാര്യമായ ഏകാന്തതയുടെയം സങ്കീര്‍ത്തനക്കാരനാകുന്നു; ഇരുണ്ട ഭൂഖണ്ഡങ്ങളില്‍ ‘അതീജീവനവഴികള്‍’ തേടുന്നു.

കവിത മഹത്തായൊരു അതിജീവനാവൃത്തിയാകുന്നു. അത് ഏകമുഖമല്ല. ‘ഏകദിശോന്മുഖമാക്കാ വികാസങ്ങള്‍/പൂവിരിയുന്നിതു പൂര്‍ണവൃത്തം’ എന്ന് ഒരു കവി പറഞ്ഞി ട്ടുണ്ടല്ലോ.
പല ചിത്ര – രസങ്ങളുണ്ട് ചോര്‍ന്നൊലിക്കുന്ന മുറിയിലെ ചുമര്‍ചിത്രങ്ങളില്‍. പൊടുന്നനെ എല്ലാ ചിത്രങ്ങളും മാഞ്ഞു മറയും:

‘ചിത്രങ്ങളൊന്നുമില്ലാത്ത കാലം
ചുമരുകളെല്ലാം ശൂന്യമാകുന്നു
എങ്കിലും
ഓരോ ചുമരും
ഉള്ളിന്റെയുള്ളില്‍
ഒരു ചിത്രം ഒളിപ്പിച്ചുവെക്കുന്നു.
ഒടുവില്‍
ഓരോ വീടും ആക്രമിക്കപ്പെടുമ്പോള്‍
ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍
മരണമില്ലാത്ത ഒരു ചിത്രം’

ആ ‘ഭവിഷ്യത് ചിത്രപടം’ ദര്‍ശിക്കുന്നവനാണ് ശിവദാസ്.
ചില കവികളുടെ കവിത സ്വന്തം വീട്ടില്‍ ഒതുങ്ങുന്നു. ചിലരുടെ കവിത സുഹൃത്തിന്റെ അടുത്തുവരെ എത്തുന്നു. ചിലരുടെ കവിതയാകട്ടെ വിശ്വകുതൂഹലം പോലെ എല്ലാ ദിശകളിലും നിറഞ്ഞുനില്‍ക്കും -ഒരു ഭാരതീയാചാര്യന്‍ അങ്ങനെ പറഞ്ഞതോര്‍ക്കുന്നു ശിവദാസ് പുറത്തെ ഏരിയില്‍ നിന്നും പുതിയ വാക്കുകളും അനുഭവങ്ങളുമായി നമ്മുടെ മനസ്സിലേയ്ക്കു കടന്നുവരുന്നു: അവ നമ്മുടെ നിനവുകളെ പ്രചോദിപ്പിക്കട്ടെ.
(2001)


tags:

related posts

ജനനിബിഡമെങ്കിലും നിശബ്ദമായ വീട് | ഡോ. പി. സുരേഷ്

Articles-about-Sivadas-Purameri-Poems

ജീവിതം പോലെ, കവിതയും അവസാനിക്കുന്നില്ല – എം.ടി. വാസുദേവന്‍ നായര്‍