ഭാഷണത്തെക്കുറിച്ചും വായനയെക്കുറിച്ചും വാക്കുകളെ ക്കുറിച്ചും സന്ദേശങ്ങളെക്കുറിച്ചും വിവർത്തനത്തെക്കുറിച്ചു മൊക്കെയുള്ള കവിതകൾ ശിവദാസ് പുറമേരിയുടെ ഈ സമാഹാരത്തിലുണ്ട്. വാസ്തവത്തിൽ ഒരു കവിയുടെ ഏതു രചനയും കവിതയെപ്പറ്റിയുള്ള പ്രസ്താവം കൂടിയാണ്. കവിത സൂക്ഷ്മതയുടെ ഭാഷയാണ് എന്നത് ശിവദാസും അംഗീകരിക്കുന്നു. സൂക്ഷ്മത, ലോകാനുഭവത്തിന്റെ ഊറിക്കൂടലാണ്. അല്പംകൊണ്ട് അധികം എന്ന സൗന്ദര്യശാസ്ത്രമാണ്; വാക്കിന്റെ വ്യാപ്തിയെക്കുറിച്ചുള്ള ആത്മവിശ്വാസവുമാണ്. അലങ്കാരസമൃദ്ധമായ കാവ്യഭാഷ യ്ക്ക് സാധിക്കാത്ത കാര്യങ്ങൾ ഈ ബദൽ ഭാഷ നേടുന്നു. അനുഭവങ്ങളെ കണിശതയോടെ കാണാനുള്ള വിദ്യാഭ്യാസ മായി കവിത മാറുന്നു എന്നത് നിസ്സാരകാര്യമല്ല. “കൃതാർഥ’ എന്ന കവിത ഒരു സ്ത്രീപക്ഷരചനയാവുന്നത് ഒറ്റവാക്കുകൊ ണ്ടാണ്. അവസാനവരിയിലെ ആദ്യത്തെ വാക്കുകൊണ്ട്. ഇരുട്ട് തന്റെ നേർക്ക് ചൊരിയുന്ന ആക്ഷേപത്തിന്, തിരി മറുപടി പറയുന്നു. അവസാന വരിയിൽ എത്തും വരെ കവിത ആദർശാത്മകസ്വരത്തിലുള്ള ഒരു പൊതുപ്രസ്താവമാണ്.
“ദുർബലമാണെങ്കിലും
എന്റെ വെളിച്ചം നിന്നെ
ഇത്തിരി പൊള്ളിച്ചെങ്കിൽ
അത്രയും
കൃതാർഥ ഞാൻ’ എന്നതാണ് കവിതയുടെ ലാൻഡിംഗ് ഗ്രൗണ്ട്. “ഇത്തിരി എന്ന വാക്കാവും ആദ്യം രസിപ്പിക്കുക പറയുന്നത് തിരിയാകയാൽ. “കൃതാർഥ’ എന്ന വാക്ക് വെറുതെ രസിപ്പിക്കുകയില്ല. അത് കവിതയെ പുനഃപരിശോധി ക്കാൻ തന്നെ വായനക്കാരനെ പ്രേരിപ്പിക്കുന്ന ഉപാധിയായി നിൽക്കുന്നു. ഭാഷയ്ക്ക് ഇത്രയും സാധ്യതയുണ്ട് എന്നാണ്, നർത്തകിയുടെ ഒരു ചെറിയ അനക്കം (അത് മിഴിയനക്കം പോലുമാവാം) പ്രേക്ഷക ഗൃഹത്തിലുണ്ടാക്കുന്ന അർത്ഥപ്പ് കർച്ച കണക്കെ, വാക്കിന്റെ ഒരു ചെറിയ നീക്കംകൊണ്ട് പ്രമേയക്കുതിപ്പുകൾ സാധ്യമാക്കാം എന്നാണ് ഇങ്ങനെയുള്ള കവിതകൾ വ്യക്തമാക്കുന്നത്. സാമാന്യമായി, സരളവും ഋജുവുമാണെന്ന് തോന്നിപ്പിക്കുന്നവയാണ് ശിവദാസകൃതി കൾ. പുറമെ അങ്ങനെയാണെങ്കിലും ഉള്ളുകൊണ്ട് ഭാഷയു ടെയും ഭാവത്തിന്റെയും അപരിചിതവും ആഹ്ലാദകരവുമായ ചലനങ്ങൾക്ക് അരങ്ങാവുന്നവയാണ് അവ. ഭാഷയുടെയും പ്രതികരണവ്യവഹാരത്തിന്റെയും അതിജീവനത്തിനായുള്ള പ്രവർത്തനം തന്നെയായി ഈ കവിതകളെ പൊതുവായി വിലയിരുത്താൻ കഴിയുന്നത് പ്രധാനമായും ഈ ശ്രദ്ധയെ മുൻനിർത്തിയാണ്.
ഇടശ്ശേരി വഴിക്കുളം’ എന്നൊരു കാവ്യ ജലാശയം പണിത് സഹനത്തി മാനുഷികതയ്ക്ക് ഒരു ഭാഷാസ്മാരകം ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഈ ഓർമയുമായാണ് കുളം എന്ന രചനയെ ഒരു വായനക്കാരൻ സമീപിക്കുക. കുളം പ്രമേയസമാഹാരമായിമാറുന്നത് ഇവിടെയാണ്. ഇടശ്ശേരി യുടെ ഒരുമയ്ക്ക് പകരം പലമ കടന്നുവരുന്നു. “പുരാബിംബം’ എന്ന പ്രയോഗത്തിൽ പൂർവകവിതയുടെ ഓർമകൂടി നിഴലി ക്കുന്നുണ്ട്. കുളത്തിന് ജീവിതപ്പലമയോളം അർത്ഥസമാഹര ശേഷിയുണ്ട് എന്നാണ് കവിത തെളിയിക്കുന്നത്. സാംസ്കാരികമാണ് ജീവിതത്തിന്റെ ഏത് സൃഷ്ടിയും. ആകാശം.
അകലെയാണ്. അത് സാധാരണ മാനുഷിക- സാമൂഹികവ്യവഹാരത്തിൽ പെടുകയില്ല എന്ന് തോന്നാം. കാട് മനുഷ്യരുണ്ടാക്കിയ വ്യവസ്ഥയല്ല താനേ മുളച്ചുപൊന്തി വളർന്ന് തിടംവെച്ചതാണ് എന്ന് വാദിക്കാം. ഒരുതരത്തിൽ രണ്ടും ശരിയാണ്. എന്നാൽ അർത്ഥശരീരമായ, നിലപാടുകളുടെ ഉടലായ മനുഷ്യൻ ഒന്ന് നോക്കിയാൽ മതി (തൊടേണ്ട, കടന്നുകയറേണ്ട ഏത് വസ്തുവും ഇടവും സാംസ്കാരികമായി, ചരിത്രപരമായി മാറും. കുളം അർത്ഥങ്ങളുടെ പല അലക്കുകൾ നടക്കുന്ന ഇടമായി മാറുന്നത് ശിവദാസിന്റെ കവിതയിൽ തെളിഞ്ഞുകാണാം. കുളത്തിന്റെ സാംസ്കാരികചരിത്രമാണ് കവിത. “തടവുജലം’ എന്ന പുതിയ പ്രയോഗം മാത്രമല്ല ഈ പ്രമേയസമീപനവും കവിതയെ ഊർജസ്വലമാക്കുന്നു. “ഇലകൾ പ്രാർത്ഥിക്കുന്നു’ ഇതേ പ്രേമയഘടന പുലരുന്ന രചനയാണ്; കാവ്യഭാഷ വേറെയാണെങ്കിലും. കഥയുറങ്ങുന്നുണ്ട് ഓരോ തരിയിലും’ എന്നത് ഒരു കവിയുടെ വിശ്വാസമാണ് പ്രത്യയശാസ്ത്രം പോലുമാണ്. അവഗണിക്കാവുന്നതായി ജീവിതത്തിൽ ഒന്നുമില്ല. കവിതയാകാൻ പറ്റാത്തതായി ഒന്നുമില്ല. ഈ വിശ്വാസം ശിവദാസകവിതയെ മികച്ച സാംസ്കാരികാനുഭവമാക്കുന്നു. പിടിവാശിയുള്ള കാവ്യ വ്യക്തിത്വമല്ല
പുറമേരി. സെൽഫ് സെൻഷർഷിപ്പിലാണ് ഏറ്റവും കടുത്ത സെൻഷർഷിപ്പ്. ശിവദാസ് തോന്നുംപടി ആശയവിന്യാസം നടത്തുന്നയാളാണ്. സമകാലികതയിൽ സമൂഹം അങ്ങനെ യാണ്. അയവ്, ഇളക്കം, നീക്കം, കുതിപ്പ്, വേഗത, ആകസ്മികത, നാടകീയത എന്നീ വാക്കുകൾ ഈ സമൂഹ ത്തെക്കുറിച്ച് പറയാൻ ഉപയോഗിക്കാവുന്നതാണ്. വരട്ടുവാദ ത്തെ പ്രത്യയശാസ്ത്രശാഠ്യത്തെ പ്രതിരോധിക്കുകയെന്ന താണ് സൽ കവിയാകാനുള്ള ആദ്യത്തെ പ്രയോഗം. കവിത വൈരുധ്യങ്ങളെക്കുറിച്ചുള്ള സ്ഥിരപാഠങ്ങളെയല്ല വൈരുധ്യ ങ്ങളുടെ യഥാർത്ഥ സാന്നിധ്യത്തെ തന്നെയാണ് ശ്രദ്ധിക്കു ന്നത്. കവിതയുടെ ശീലം ആശ്രയിക്കുക എന്നതല്ല, അഭിമുഖീകരിക്കുക എന്നതാണ്. അതിനാൽ കവിത ചലനാത്മകം (dynamic) ആയിമാറുന്നു. അത് ഒരു ഒഴിയിലും കിടന്ന് “തടവുജലമാവുന്നില്ല. ശിവദാസ് ഒരേ രാഗം തന്നെ വിസ്തരിച്ച്, വിസ്തരിച്ച് അതിൽ വിദഗ്ധ നാവാൻ ശ്രമിക്കുന്നില്ല. അത്തരം ‘സ്ഥിരതാ സാമർഥ്യമല്ല’, സമകാലികതയെ കവിതയാക്കി വിവർത്തനം ചെയ്യാൻ വേണ്ട സിദ്ധി എന്ന് ഈ കവിക്ക് നന്നായി അറിയാം. അതിനാൽ കവി പിടിവാശിക്കാരനല്ല. കവിത (രാഷ്ട്രീയ പ്രത്യയശാ സ്ത്രത്തെ വെല്ലുവിളിക്കുന്നത് പുതിയ പുതിയ വൈരുധ്യ ങ്ങളെ കണ്ടെത്താനും അതിന്റെ അകംപുറങ്ങൾ വിശകലനം ചെയ്യാനുമുള്ള സന്നദ്ധതകൊണ്ടാണ്.
വെള്ളം ഇളക്കത്തിന്റെ, മെരുക്കമില്ലായ്മയുടെ സ്വഭാവം പുലർത്തുന്നതാണ്. സദാഗതിയാവാൻ കാറ്റിനെപ്പോലെ സന്നദ്ധമാണ് വെള്ളം. ശിവദാസിന്റെ കവിതകളിലൂടെ ഒന്ന് കടന്നുപോയാൽ മതി- ജലബിംബങ്ങളുടെ പാടമാണത് എന്നറിയാനാവും. കുളവും ജലപാഠങ്ങളും (ഉപ്പുകുറുക്കിയ കടലും കരളിൻ കയവും നിനവിൻ നദിയും “ആർദ്ര’നിലാവും മത്സ്യക്കുഞ്ഞും വറ്റിത്തീരലും മഴയും പെരുമഴയും ചോർന്നൊലിക്കലും നനവാറാൻ സൂക്ഷിച്ച് വിറകുകളും വിസ്മൃതിപ്പുഴകളും പരേതരുടെ കടവുകളും മഴപ്പക്ഷിയും മഴക്കാടും കാരുണ്യത്തിന്റെ കടലും മഴയൊച്ചയും സ്ഥലജലവിഭ്രമവും പച്ചവെള്ളവും വിയർക്കലും നുണകളിൽ മുങ്ങലും പാതാളനിലകളിൽ മുങ്ങലും ഭക്തിഗീതത്തിന്റെ മഴയും ചാനൽ മഴയും ജൂൺ ചെയ്യലും പ്രാചീന തുറമുഖവും ജലരൂപങ്ങളും ഉൾപ്പുഴയും പുഴകലങ്ങുന്ന വർത്തമാനവും ജലസമാധിയും വന്നുമൂളുന്ന മഴയും സ്വച്ഛന്ദമായ ഒഴുക്കും പ്രാർത്ഥന “വറ്റിയ തൊണ്ടയും കൈവഴിപ്രവാഹമായ പാപനാശിനിയും കൂടംകുളവും കായംകുളവും വാഗ്ദത്തക ളവും മഴയിൽ കുതിർന്ന ഭൂമിയും തളംകെട്ടിയ തണുത്ത രക്തവും പൊട്ടിയൊലിക്കുന്ന’ ഉൾമുറിവുകളും കാലവർഷം കനത്ത കർക്കിടകരാവും മറ്റും മറ്റും ഈ കവിതയെ എപ്പോഴും നനച്ചുകൊണ്ടിരിക്കുന്നു. മഴയുടെ കണ്ണുകളും മഴയുടെ മയക്കവും മഴയുടെ ഹൃദയവും മഴമുഖങ്ങളും മാറിമാറിവരുന്ന ഒരു കവിതപോലുമുണ്ട്. കാക്കക്കുളിയുടെ കാവ്യരഹസ്യവും കവി കാണുന്നു. “ജലത്വം’ കവിയുടെ ചലനാത്മകസ്വത്വത്തെ നന്നായി രേഖപ്പെടുത്തുന്നു.