2,527

Sivadas Purameri Malayalam Poem Avasistam

മെരുങ്ങിയേറെ ഞാന്‍
എങ്കിലുമോര്‍മയില്‍
മദിച്ചകാടിന്റെ
നിഴല്‍പ്പാടുകള്‍.
കൊഴിഞ്ഞു സ്വപ്‌നങ്ങളെങ്കിലും
നീളുമീ
വിലോഭനങ്ങളില്‍
വശംകെടുന്നേരം
തികട്ടിയെത്തുന്നു
പഴയഗന്ധങ്ങള്‍.
മറന്നു ഭാഷകളെങ്കിലുമാളുകള്‍
പിരിഞ്ഞുപോകുന്ന നേരത്ത്
പ്രാചീന
ലിപികളാല്‍
പ്രാണനുഴിഞ്ഞിരിക്കുന്നു
മറന്നുപോയ് വഴിയെങ്കിലും
കൂടിന്റെ
മടുത്തവൃത്തത്തി-
ലൊരേപ്രദക്ഷിണം.
വനനിലാവിന്റെ
മുഖം മറന്നുപോയ്.
ഇണയൊരോര്‍മയില്‍
പോലുമില്ലാതെയായ്.
ഇടക്കു നിദ്രയിലരിച്ചിറങ്ങുന്ന
നിറങ്ങള്‍ മാത്രമാ-
യൊതുങ്ങി കാമന.

കടുത്ത വംശനാശത്തിന്റെ വക്കിലെ-
ന്നൊരു കുറിപ്പടിയുണ്ടെന്‍ തലക്കുമേല്‍.
നിറഞ്ഞ കൗതുകത്തോടെ
സന്ദര്‍ശകര്‍
വിളിച്ചുകൂവുന്ന നേരത്ത്
പിന്നെയുമുണര്‍ന്നിരിക്കുന്നു
ജീവിതപ്പാടുകള്‍
ചികഞ്ഞിടുന്നൊരു
പുരാവശിഷ്ടമായ്.

 


related posts

‘മഴയത്ത് നിൽക്കുന്നവർ’ | വീഡിയോ