2,693
1.
ഭൂമി ഒരു പക്ഷിയുടെ പേര്
ശൂന്യതയിലേക്ക്
കൈവിട്ടു പോകാതെ
സ്വന്തം കുഞ്ഞുങ്ങളെ
ഉള്ളിലേക്ക്
ഒതുക്കിപ്പിടിച്ച്
ജീവ കണങ്ങളെ
പോറ്റി വളർത്താൻ
കറുപ്പും വെളുപ്പും കലർന്ന
ചിറകുകൾ വീശി
രാവും
പകലുമായി
സൂര്യനു ചുറ്റും
പറന്നു കൊണ്ടിരിക്കുന്ന
ജീവനുള്ള പക്ഷി.
കണ്ണിലും നെഞ്ചിലും
തിരിഞ്ഞു കൊത്തുന്നവരേയും
ചേർത്തു പിടിച്ച്
ചിറകു കുഴയാതെ
പറന്നു കൊണ്ടിരിക്കുന്ന വലിയ പക്ഷി.

2.
ഭൂമിയോളം
സന്തതികൾക്ക്
അന്നവും ജീവനും നൽകാൻ
രാവിനേയും
പകലിനേയും
സമാസമം
പകുത്തു കൊണ്ടിരിക്കുന്ന
ഭൂമിയോളം വലിയ
സമത്വവാദി മറ്റാരാണ്.
മഴയിൽ കുതിർന്നും
മഞ്ഞു കുപ്പായമണിഞ്ഞും
വെയിലിൽ
വെളുക്കെ ചിരിച്ചും
ഓരോ ദിക്കിലും
ഓരോരോ ഋതുവായി
മാറി മാറി ജീവിച്ച്
എല്ലാമറിയുകയും
ആയിത്തീരുകയും ചെയ്യുന്ന
ഭൂമിയോളം വലിയ
ജനാധിപത്യവാദി
മറ്റെവിടെയാണ്.
വെളിച്ചത്തിലുണരാൻ
ഇരുട്ടിലുറങ്ങി
ഇടതടവില്ലാതെ
നടന്നുകൊണ്ടിരിക്കുന്ന
സമര ദേവത.
പാതി വെളിപ്പെടുത്തുമ്പോഴും
സൂര്യനെ
ശരീരം കൊണ്ടു മറച്ചുപിടിച്ച്
സ്വാതന്ത്ര്യവും
പരമാധികാരവും
ഉറപ്പിക്കുന്ന
രാഷ്ട്രതന്ത്രജ്ഞ.
ആകാശ സ്വപനങ്ങൾ കാട്ടിത്തന്ന്
നീരുറവ കൊണ്ട്
കാൽ നനച്ചു തരുന്ന,
ആഴവും ഉയരവും
അളന്നു മാറ്റി
ജീവിതവും മരണവും
എഴുതിക്കൊണ്ടിരിക്കുന്ന
ഭൂമിയോളം വലിയ കവി മറ്റാരാണ്.


tags:

related posts

‘മഴയത്ത് നിൽക്കുന്നവർ’ | വീഡിയോ

ചോര്‍ന്നൊലിക്കുന്ന മുറി | ശിവദാസ് പുറമേരി