726

ആമയും മുയലും

‘പന്തയമിനിയില്ല
താല്‍പര്യം
തീരേയില്ല;
പോവുക നീ ചങ്ങാതീ’
ആമ
ഗൗരവം പൂണ്ടു

‘തോല്‍ക്കുമെന്നുറപ്പുള്ളോര്‍
ഒഴിഞ്ഞുമാറും;
പക്ഷേ
പഴഞ്ചന്‍ വിജയത്തിന്‍
കഥയും പേറി
ഇഴഞ്ഞു നീങ്ങിടുവാന്‍
നാണമില്ലല്ലോ
കഷ്ടം’

മുയലിന്‍ പ്രകോപനം
ചിരിച്ചുതള്ളി
ആമ.

‘മറന്നു പണ്ടേ ഞാനാ
പന്തയക്കഥയെല്ലാം,
മുയല്‍ചാട്ടങ്ങള്‍
പാതിവഴിയില്‍
തീരുമ്പോഴും
ആമയ്ക്ക്
ദീര്‍ഘായുസ്സിന്‍
പാതകള്‍ താണ്ടിടേണം

നൂറ്റാണ്ടിനക്കരെ
ഇഴഞ്ഞുചെന്നീടേണം
പോവുക
നീ ചങ്ങാതീ

എത്ര കുതിച്ചെന്നാലും
എത്തില്ല
ആമയ്‌ക്കൊപ്പം’

കൃതാര്‍ത്ഥ

‘പൊരുതുന്നു നീ
വീണ്ടും
തോല്‍ക്കുവാന്‍ മാത്ര…’
കത്തുന്ന
തിരിക്കുമേല്‍
ഇരുട്ടിന്‍ പരിഹാസം

കാറ്റത്ത്
ഏകാഗ്രത
കൈവെടിയാതെ
അല്‍പം
ഉലഞ്ഞെങ്കിലും
കെട്ടുപോകാതെ
മറുപടി:

‘ദുര്‍ബലമാണെങ്കിലും
എന്റെ വെളിച്ചം
നിന്നെ
ഇത്തിരി പൊള്ളിച്ചെങ്കില്‍
അത്രയും
കൃതാര്‍ത്ഥ ഞാന്‍’

Ethirvakkukal KAvitha by Sivadas Purameri


related posts

‘മഴയത്ത് നിൽക്കുന്നവർ’ | വീഡിയോ

പകരം