2,642


Download HD Quality PDF

‘അധികാരം കൊയ്യണമാദ്യം നാം
അതിനുമേലാകട്ടേ പൊന്നാര്യന്‍!’
തീമഴയോടും ചെങ്കനലിനോടും പോരാടി കോമന്‍ പരി പാലിച്ച് പൊലിപ്പിച്ച കതിരുകള്‍ കൊയ്യാന്‍ കോടതിയാമീനും കൂട്ടരും എത്തുന്നു. ചെറുത്തുനില്പുകളെ അതിജീവിച്ച് നിയമം നടപ്പിലാക്കപ്പെടുകയാണ്. തലമുറകളായി സുഷു പ്തിയിലാണ്ട കര്‍ഷകവീര്യം ഉണര്‍ന്നു. ആ ഉണര്‍വ് പുതിയ തിരിച്ചറിവുകളിലേക്കാണ് നയിക്കുന്നത്. ഇടശ്ശേരിയുടെ ‘പുത്തന്‍കലവും അരിവാളും’ എന്ന കവിത തൊഴിലാളിവര്‍ഗ ത്തിന്റെ വിജയഗാഥയാണ്. അധികാരത്തെ അടിസ്ഥാനപ്ര ശ്‌നമായി ഇവിടെ കണ്ടെത്തുന്നു. അത് നിലനിര്‍ത്തിക്കൊണ്ട് ഒരു സാമൂഹികമാറ്റവും സാധ്യമല്ല. രോഗത്തിനാണ് ചികിത്സ വേണ്ടത്. ലക്ഷണങ്ങളെ ചികിത്സിച്ചുമാറ്റാന്‍ ശ്രമിച്ചിട്ട് കാര്യ മില്ല.

അധികാരകേന്ദ്രങ്ങളോടുള്ള നിരന്തരപോരാട്ടത്തിന് ഇട ശ്ശേരി ആഹ്വാനം ചെയ്യുന്നു. പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്ന അധികാരം അടിസ്ഥാനത്തില്‍ ഒരേ സ്വഭാ വം പുലര്‍ത്തുന്നതാണ്. സുഖലോലുപത, ചൂഷണം, അടിച്ച മര്‍ത്തല്‍, ഭിന്നിപ്പിക്കല്‍ തുടങ്ങിയവയൊക്കെ അധികാരത്തി ന്റെ ഭിന്നഭാവങ്ങളാകുന്നു. അത് സ്വപ്നങ്ങളെ തകര്‍ത്തെറിയു കയും കരാളനീതി നടപ്പിലാക്കുകയും ചെയ്യുന്നു. മക്കള്‍ക്ക് പുത്തനുടുപ്പും പൂത്താലിയും ഭാര്യക്ക് പുത്തന്‍കലവുമെല്ലാം സമ്മാനിക്കണമെന്ന് കോമന്‍ സ്വപ്നം കണ്ടിരുന്നു. വിത്തിന് വെച്ചതും കൊറ്റിനുവെച്ചതുമെല്ലാം ആ സ്വപ്നസാക്ഷാത്കാ രത്തിനായി അയാള്‍ ചെലവിട്ടു. അധികാരത്തിന്റെ ബലിഷ്ഠ ഹസ്തങ്ങള്‍ സ്വപ്നങ്ങളെ കശക്കിയെറിയുകയാണ് ചെയ്ത ത്. ജന്മിയോടോ കോടതിയാമീനോടോ പോര് നടത്തിയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞ കോമന്‍ ആദുര്‍ദശയ്ക്ക് ഹേതു വായ അധികാരം കൊയ്യുകയാണ് വേണ്ടതെന്ന് പ്രഖ്യാപിക്കുന്നു.

‘പണിമുടക്ക’ത്തിലെ തൊളിലാളി പ്രാതികൂല്യങ്ങളെ അതിജീവിക്കാന്‍ കരുത്തുനേടുകയാണ്. രോഗം, ദാരിദ്ര്യം, പട്ടിണി, മരണം തുടങ്ങി ഏറെ പ്രതിബന്ധങ്ങള്‍ അയാള്‍ക്കു മുന്നിലുണ്ട്. ചേതനയറ്റ കുഞ്ഞിന്റെ ശരീരത്തിനുമേല്‍ ബോ ധം നഷ്ടപ്പെട്ട് പതിച്ച അമ്മ തൊഴിലാളികളുടെ സമരഗാനം കേട്ട് ഉയിര്‍ത്തെണീക്കുന്നു.
‘കുഴിവെട്ടി മൂടുക വേദനകള്‍
കുതികൊള്‍ക ശക്തിയിലേക്കു നമ്മള്‍!’
ഇത് വെറുമൊരു ആഹ്വാനമല്ല; ആത്മാവിന്റെ വെളിപാടാ ണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ സ്ഫുടം ചെയ്‌തെടുത്ത വിശ്വാസപ്രമാണമാണിത്.

കാല്പനികസങ്കല്പങ്ങളുടെ മായികതയും പച്ചയായ ജീ വിതം അനാവരണം ചെയ്യുന്ന റിയലിസത്തിന്റെ കാര്‍ക്കശ്യ വും രണ്ട് ധ്രുവങ്ങളായി അകന്നുനിന്ന ഘട്ടത്തിലാണ് ഇടശ്ശേ രി കാവ്യരചനയില്‍ പുതുവഴികള്‍ തേടിയത്. ചുറ്റുപാടുകളെ വികൃതമാക്കി അവതരിപ്പിച്ച് വിദ്വേഷം വളര്‍ത്താനോ സത്യ ങ്ങള്‍ മറച്ചുവെച്ച് മോഹവലയം തീര്‍ക്കാനോ അദ്ദേഹം സന്ന ദ്ധനായിരുന്നില്ല. ജീവിതത്തെ ഗൗരവത്തോടെ സമീപിക്കു കയും സിരകളില്‍ ശക്തിയും മനസ്സില്‍ ആത്മവിശ്വാസവും വളര്‍ത്തുന്ന കാവ്യങ്ങള്‍ രചിക്കുകയും ചെയ്തുകൊണ്ട് ഇട ശ്ശേരി ഒരു പാരമ്പര്യത്തിന് തുടക്കംകുറിച്ചു. സമകാലികജീ വിതത്തോട് കലഹിക്കുകയും പുതിയ സമവാക്യങ്ങള്‍ രചി ക്കുകയും ചെയ്ത പില്‍ക്കാല കവികളെ അദ്ദേഹം കുറച്ചൊ ന്നുമല്ല പ്രചോദിപ്പിച്ചത്. ഈ പാരമ്പര്യത്തിലെ പുതിയ കണ്ണികളില്‍ ഒരാള്‍ എന്ന നിലയില്‍ ശിവദാസ് പുറമേരിയെ പരിഗണകിക്കാം. ഇടശ്ശേരി കോറിയിട്ട ശക്തിയുടെ ഭാഷ യ്ക്ക് എന്ത് രൂപപരിണാമമാണ് ഉണ്ടായത് എന്ന് കണ്ടെ ത്താന്‍ പുതിയ തലമുറയിലെ കവികളിലൂടെ ഒരന്വേഷണം നടത്താം. സച്ചിദാനന്ദന്റെയും ആറ്റൂരിന്റെയും കടമ്മനിട്ടയുടെ യും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെയുമൊക്കെ വഴികളിലൂടെ മലയാളകവിത എവിടെ എത്തിനില്‍ക്കുന്നു?
ജന്മിയും പാട്ടക്കാരനും തമ്മിലുള്ള സംഘര്‍ഷം ഇന്നില്ല. എന്നാല്‍ കേരളത്തിലെ കാര്‍ഷികരംഗം അതിനേക്കാള്‍ തീ വ്രമായ വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. മില്ലട ച്ചിട്ട് തൊഴിലാളികളെ പട്ടിണിയിലാക്കുന്ന പിടിവാശിക്കാര നായ മുതലാളിക്ക് ഇന്ന് സ്വസ്ഥമായിരുന്ന് സന്താനലബ്ധി ക്കായുള്ള ഹോമകര്‍മങ്ങള്‍ നടത്താനാവില്ല. പക്ഷേ, തൊ ഴില്‍രംഗത്തെ അന്യവത്കരണവും സാമൂഹികവും വ്യക്തിപ രവുമായ പ്രതിസന്ധികളും മറ്റു രീതികളില്‍ ശക്തിപ്രാപിച്ചു വരുന്നു. കൂടുതല്‍ സൂക്ഷ്മമായ നോട്ടത്തിലൂടെയേ കവിക്ക് നിലപാട് സ്വീകരിക്കാനാവൂ. പ്രശ്‌നങ്ങള്‍ അത്രമേല്‍ സങ്കീര്‍ ണങ്ങളാണ്.

‘ആര്‍ദ്രമാമേതോ പഴമ്പാട്ടല്ല, താരാട്ടല്ല
രാത്രിയിലാരോ പാടും പ്രേമഗീതകമല്ല
പൂര്‍വകാലങ്ങള്‍ താണ്ടിയെത്തുന്ന പരേതര്‍തന്‍
കാലൊച്ചയല്ലീമഴ പ്രാണനില്‍ പെയ്യുന്നേരം
നനയുന്നല്ലോ കിടപ്പായകള്‍, ഉടുപ്പുകള്‍
പുതപ്പ്, തലയണ, പുസ്തകം, മരുന്നുകള്‍
അടുപ്പ്, നനവാറാന്‍ സൂക്ഷിച്ച വിറകുകള്‍
നനയുന്നല്ലോ വാക്ക്, മിഴികള്‍ കിനാവുകള്‍….’

അത്താഴത്തില്‍ വിഷം ചേര്‍ത്ത് കുടുംബത്തോടെ ജീവ നൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ ഇരുട്ടില്‍ തിമിര്‍ക്കുന്ന മഴ അസ്വ സ്ഥത ഉണര്‍ത്തുന്നു. കടക്കെണിയോ അപമാനഭീതിയോ അശരണത്വമോ ഒക്കെയാവാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത്. പക്ഷെ, അതൊരു അനിവാര്യതയാവുന്നു. മഴയെക്കുറിച്ചുള്ള കാല്പനികസങ്കല്പങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. പ്രാണ നില്‍ പെയ്യന്ന മഴ അതിനെ മുക്കുന്ന മട്ടുണ്ട്. ഭൗതികജീവിത ത്തിലെ ആശ്വാസങ്ങളും മറകളുമെല്ലാം അതില്‍ കുതിരുന്നു. വാക്കുകള്‍, മിഴികള്‍, കിനാവുകള്‍ തുടങ്ങിയവയെ പ്രാണനി ലെ മഴ നനയ്ക്കുന്നു. അകത്തും പുറത്തും മഴയുണ്ട്. അവ ര ണ്ടും നായകന്റെ വീര്യം കെടുത്തുകയാണ്. മഴ മാനസികാന്ത രീക്ഷത്തെ പ്രതിഫലിപ്പിക്കുന്നു. കുതിര്‍ന്നുപോയ വാക്കു കളും തിളക്കം നഷ്ടപ്പെട്ട കിനാവുകളും ജീവിതത്തെ ദുര്‍ബ ലമാക്കുന്നു.
ജീവിതത്തിന്റെ പരാജയസ്ഥാനമാണ് ആത്മഹത്യ. അതിന്റെ മുമ്പിലാണ് നായകന്‍ നില്‍ക്കുന്നത്. മരണത്തിന്റെ കൊടുംതണുപ്പിനു മുമ്പിലും ജീവിതാസക്തിയുടെ ഉഷ്ണം കെടുന്നില്ല. അവശേഷിക്കുന്ന സ്‌നേഹം പങ്കുവെക്കലും മാതൃഹൃദയപ്പെരുക്കങ്ങലുമെല്ലാം ജീവിതത്തെക്കുറിച്ചുള്ള പ്രത്യാശയ്ക്ക് വകനല്‍കുന്നു. മരണത്തില്‍നിന്നുള്ള പിന്‍മട ക്കത്തിന് അത് പ്രേരണയായിരുന്നിരിക്കാം.
ഭീതിദമായ മരണത്തിന്റെ മറുപുറമാണ് കവി നമുക്ക് കാട്ടിത്തരുന്നത്. ജീവിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നു.

‘രണ്ടുനാള്‍ക്കകം പത്രത്താളില്‍ നാമഴുകുന്ന
ചിത്രമായ് ലോകത്തിന്റെ മുന്‍പിലെത്തീടും, പിന്നെ
മറ്റൊരു വാര്‍ത്തയ്ക്കുള്ളില്‍ നമ്മുടെ മരണവും
ജന്മദോഷത്തിന്‍ കെട്ടുകഥയും മുങ്ങിപ്പോകും.’

മരണം രക്ഷോപായമല്ലെന്ന് ബോധ്യപ്പെടാന്‍ പിന്നെ അധികനേരം വേണ്ടിവന്നില്ല. വേദനകള്‍ കുഴിവെട്ടിമൂടാനു ള്ള ആഹ്വാനം ഇവിടെ പ്രതിധ്വനിക്കുന്നു.

‘വയ്യെനിക്കണയ്ക്കുവാന്‍
പ്രാണന്റെ വിളക്കുകള്‍’

എന്നു പറഞ്ഞുകൊണ്ട് ആത്മഹത്യയെ തള്ളിക്കളയുന്നു. ശക്തിയിലേക്ക് കുതിക്കാന്‍ കഴിഞ്ഞ നായകന്‍-
‘അന്ധകാരത്തില്‍ നിന്ന് പെയ്യുമീ മഴയിലേ-
ക്കൊഴുക്കിക്കളഞ്ഞിടാം സര്‍വസങ്കടങ്ങളും.
കടപ്പത്രങ്ങള്‍, ദുഃഖപടങ്ങള്‍ അപമാന-
സ്മൃതിചിത്രങ്ങള്‍, പിന്നെയിന്നത്തെയത്താഴവും.’
എന്ന തീരുമാനത്തില്‍ എത്തുകയാണ്. ജീവിതത്തിലെ പരാജയങ്ങളെ ജീവിതം കൊണ്ടുതന്നെയാണ് നേരിടേണ്ടത്. മറ്റു വഴികള്‍ അപമാനം അണയ്ക്കുന്നവയും അപഹാസ്യത യിലേക്ക് നയിക്കുന്നവയുമാണ്.
ശിവദാസ് പുറമേരിയുടെ ചോര്‍ന്നൊലിക്കുന്ന മുറി എന്ന കവിത സമകാലികജീവിതദുരന്തങ്ങളോടുള്ള കരുത്തുറ്റ പ്രതികരണം വെളിവാക്കുന്നു. അതിജീവനനമാണ് ഏതു പ്രതിസന്ധിയിലും ലക്ഷ്യമാക്കേണ്ടതെന്നും അങ്ങനെ മാത്ര മേ പൊരുതിനില്‍ക്കാനാവൂ എന്നും കവി വിശ്വസിക്കുന്നു.

‘ജീവിതം നുണയാകുന്ന കാലത്ത്
നേരു സര്‍വര്‍ക്കുമപ്രിയമാകുന്നു.
നേരുചൊല്ലി കുലംമുടിക്കാതെന്റെ
നേരിലൂടെ നടന്നിറങ്ങട്ടെ ഞാന്‍’

എന്ന് ചൊല്ലി നടന്നുപോകുന്ന കാക്കാലന്‍ കവി തന്നെ യാണ്. ഭാവികാലവിശേഷങ്ങളും ശാപം, ദുഃഖം, കൊടും വ്യാധി എന്നിവ മാറ്റാനുള്ള മന്ത്രമാര്‍ഗവും ചൊല്ലിത്തരാനാ ണ് അയാള്‍ക്കിഷ്ടം. ആത്മവിശ്വാസം കെടുത്തുന്ന പ്രവചന ങ്ങള്‍ അവ എത്ര തന്നെ സത്യമായിരുന്നാലും ജീവിതഗതിക്ക് തുണയാവുകയില്ല.
‘ദീപം’ എന്ന ചെറുകവിതയില്‍ പി.കുഞ്ഞിരാമന്‍നായര്‍ ആത്മജ്ഞാനത്തിന്റെ പാഠം തുറന്നുവെക്കുന്നു. പിറവിക്ക് സാക്ഷിയാകുന്ന ദീപം മരണത്തിലൂടെ ജന്മാന്തരങ്ങള്‍ക്ക പ്പുറത്ത് ആത്മാവിന്റെ വെളിച്ചമായി മാറുന്നത് നമുക്കിവിടെ കാണാം. ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ ദീപത്തി ന്റെ സാന്നിധ്യം എങ്ങനെയെല്ലാം പ്രത്യക്ഷമാകുന്നുവെന്നാ ണ് നാം ആദ്യം കാണുന്നത്. പിന്നീട് അകക്കോവിലിലുള്ളോ രു വിളക്കിന്റെ പ്രതിബിംബമായി തിരിത്തുമ്പത്തിരിക്കുന്ന സര്‍വംസാക്ഷിയെ നമ്മുടെ മുമ്പില്‍ എത്തിക്കുന്നുണ്ട്. ഇരു ട്ടും വെളിച്ചവും തമ്മിലുള്ള സംവാദമായാണ് ‘കൃതാര്‍ഥ’ എന്ന കവിത ശിവദാസ് പുറമേരി ആവിഷ്‌കരിച്ചിട്ടുള്ളത്.
‘പൊരുതുന്നു നീ വീണ്ടും തോല്‍ക്കുവാന്‍ മാത്രം’ എന്ന ഇരുട്ടിന്റെ പരിഹാസത്തിന് ദീപം നല്‍കുന്ന മറുപടി ഇതാണ്.
‘ദുര്‍ബലമാണെങ്കിലും
എന്റെ വെളിച്ചം
നിന്നെ
ഇത്തിരിപ്പൊള്ളിച്ചെങ്കില്‍
അത്രയും കൃതാര്‍ഥ ഞാന്‍’
പൊരുതാനിറങ്ങിയാല്‍ കീഴടങ്ങാതിരിക്കുക. കീഴടങ്ങു ന്തോറും ആക്രമണം ശക്തമാകും. ‘പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം’ എന്ന വിശ്വാസമാണല്ലോ നമ്മെ മുന്നോട്ടുനയിച്ചിട്ടുള്ളത്. ‘കത്തുന്ന വയലിനോടൊപ്പം’ എന്ന ശിവദാസിന്റെ കവിത പരാജയത്തിന്റെ ആഴം കാണിച്ചുത രുന്നു.
‘മുണ്ടുമുറുക്കി
കടംകൊണ്ട വിത്തുമായ്
വയലിനു
ജീവന്‍ പകുത്തുകൊടുത്തൊരാള്‍
ഓര്‍മയില്‍ ഞാറ്റുപാട്ടിന്റെ
നിലയ്ക്കാത്ത
ഈണവും
തോരാത്ത വര്‍ഷവുമുള്ളൊരാള്‍’
അയാള്‍ വയലിനോടൊപ്പം കത്തിയെരിയേണ്ടിവന്നത് എന്തുകൊണ്ടാവാം? നവസാമ്പത്തികക്രമങ്ങള്‍ കവര്‍ന്നെടു ക്കുന്നത് ഭൗതികനേട്ടങ്ങളെ മാത്രമല്ല എന്ന് കവി ഓര്‍മിപ്പിക്കു ന്നു. അവിടെ ‘ഇത്തിരി പൊള്ളിക്കാന്‍ കഴിഞ്ഞ’ ദീപത്തിന്റെ കൃതാര്‍ഥത ചെറുതല്ല.
‘ചരിത്രത്തില്‍ അഥവാ പുസ്തകമുറിയില്‍ സംഭവിക്കുന്ന ത്’ കണ്ടെത്താന്‍ സൂക്ഷ്മദൃഷ്ടിയുള്ള കവിക്ക് കഴിയുന്നു. സത്യം വിളിച്ചുപറയുന്നവരെ ഭ്രാന്തന്മാര്‍ എന്ന് മുദ്രകുത്തിയേ ക്കാം. എങ്കിലും കവിക്ക് പറയാതിരിക്കാന്‍ കഴിയുന്നില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കുമേല്‍ അധികാരമോഹികള്‍ നടത്തു ന്ന കടന്നുകയറ്റവും ഭൗതികസുഖങ്ങളുടെ സമവാക്യങ്ങള്‍ ചേര്‍ത്ത് സേവനത്തിന് നല്‍കുന്ന പുതുനിര്‍വചനങ്ങളും ചരിത്രത്തിന്റെ ദുര്‍ദശയെ സൂചിപ്പിക്കുന്നു. പുതുവഴി വഴിപാ ടിനുമാത്രം എന്ന് വിശ്വസിക്കുന്ന സമൂഹം ആളും അര്‍ഥവും കൊണ്ട് ശക്തമായേക്കാം.
പരിസ്ഥിതിയെയും വികസനത്തെയും തുലനം ചെയ്തു കൊണ്ട് മലയാളത്തിലുണ്ടായ ആദ്യകവിത ഇടശ്ശേരിയുടെ ‘കുറ്റിപ്പുറംപാല’മാണ്. ഇത് എഴുതുന്ന കാലത്ത് പരിസ്ഥിതി പ്രശ്‌നം കേരളത്തില്‍ ഒരു പ്രധാന കവനവിഷയമായിരു ന്നില്ല. പില്‍ക്കാലത്ത് എല്ലാ കവികളും ഗൗരവത്തോടെ പരി സ്ഥിതിപ്രശ്‌നങ്ങളെ പരിഗണിക്കാന്‍ തുടങ്ങി. ശിവദാസ് പുറ മേരിയുടെ ‘കുന്നുകാണാന്‍പോയ കുട്ടികള്‍’ വ്യത്യസ്തമായ ഒരു പരിസ്ഥിതിപാഠം അവതരിപ്പിക്കുന്നു. ‘കുട്ടികള്‍ക്കൊപ്പം ചിരിക്കുന്ന കുന്നിന്റെ ചിത്രം വരച്ചൊരാള്‍’ക്കും ‘കുട്ടികള്‍ ക്കൊപ്പം മറയുന്ന കുന്നിന്റെ ചിത്രം വരച്ചുകളി’ക്കുന്നൊരാ ള്‍ക്കും ഇടയിലാണ് പ്രശ്‌നങ്ങള്‍ തെളിയുന്നത്. ‘കുന്നിനെ കുന്നെന്നു കാണാതെ വേര്‍പിരിച്ചെഴു’താനുള്ള ശ്രമംമൂലം നാം കുന്നിനെ കുന്നിക്കുരുവായി കണ്ടു. പുല്ലിന്റെയും കുറ്റിച്ചെടിയുടെയും മഹാവൃക്ഷങ്ങളുടെയും വേറിട്ട സാധ്യ തകളെക്കുറിച്ചായിരുന്നു നമ്മുടെ അന്വേഷണം. സമഗ്രതയു ള്ള ദര്‍ശനം കൈവെടിഞ്ഞ് ഉപയോഗ സാധ്യതകളില്‍ കുടു ങ്ങിയ മനുഷ്യന്റെ അന്വേഷണങ്ങളാണ് പ്രകൃതിയില്‍ നിന്ന് നമ്മെ അന്യരാക്കിയത്. അങ്ങനെ കുന്നില്‍ നിന്ന് വഴികള്‍ മറയുന്നു. കുട്ടികള്‍ക്ക് വഴിതെറ്റുന്നു. വഴിതെറ്റിയ ദര്‍ശനങ്ങ ളില്‍ ആനന്ദം കണ്ടെത്തുന്ന സമൂഹം വരാനിരിക്കുന്ന വിപത്തുകള്‍ തിരിച്ചറിയുന്നില്ല.
‘സുനന്ദയുടെ ഓര്‍മകള്‍’ എന്ന കവിതയില്‍ ‘മാമ്പഴ’ത്തി ന്റെ പശ്ചാത്തലത്തില്‍ മനുഷ്യന്റെ കിരാതവാസനകളുടെ അനുരണനം കാണാം. കാവ്യബിംബത്തിന്റെ സ്ഥാനത്ത് പച്ചജീവിതത്തിലെ ദുഃഖബിംബമായി സുനന്ദയ്ക്ക് മാമ്പഴം മാറിയത് എങ്ങനെയാണ്? ‘കാറ്റും വെളിച്ചവും’ എന്ന കവിത ഇതോടൊപ്പം ചേര്‍ത്തുവായിക്കാവുന്നതാണ്. കൊക്കിന്റെ മോഹനവാഗ്ദാനങ്ങള്‍ സ്‌നേഹപൂര്‍വം നിരസിക്കാന്‍ ഇന്നത്തെ മീനുകള്‍ക്ക് ആവണം. മുത്തശ്ശിമാരുടെ അനുഭവ പാഠങ്ങള്‍ അവര്‍ മറക്കാതിരിക്കട്ടെ. നമുക്ക് ആമയെപ്പോലെ പ്രതികരിക്കാം.
”മറന്നു പണ്ടേ ഞാനാ
പന്തയക്കഥയെല്ലാം.
മുയല്‍ചാട്ടങ്ങള്‍
പാതിവഴിയില്‍
തീരുമ്പോഴും
ആമയ്ക്ക്
ദീര്‍ഘായുസ്സിന്‍
പാതകള്‍ താണ്ടീടേണം.
നൂറ്റാണ്ടിനക്കരെ
ഇഴഞ്ഞു ചെന്നീടേണം.
പോവുക
നീ ചങ്ങാതീ.
എത്ര കുതിച്ചെന്നാലും
എത്തില്ല
ആമയ്‌ക്കൊപ്പം.’

(മാതൃഭൂമി ആഴ്ചപ്പതിപ്പ്-2009 ഒക്‌ടോബര്‍)



No related posts found.