2,596

“മഴ നനയുന്ന വെയിൽ’ എന്ന് ശിവദാസ് പുറമേരി തന്റെ പുതിയ കാവ്യസമാ ഹാരത്തിനു പേരിടുന്നു. പ്രകൃതിയുടെ ജലച്ചായത്താലെഴുതപ്പെട്ട പ്രണയമുഗ്ധ തയുടെ സ്വപ്നവാങ്മയമാണത്. എന്തും പ്രകൃതിയുടെ ജൈവഭാഷയിലാവിഷ്ക രിക്കപ്പെടുമ്പോൾ അതിന് മാനുഷിക സങ്കുചിതത്വങ്ങൾക്കപ്പുറത്തേയ്ക്ക് വ്യാപി ക്കുന്ന ഉദാരമായ ഒരു പടർച്ച കൈവരുന്നു. മഴയ്ക്ക് വെയിലുമായി കലരാൻ, പുഴയ്ക്ക് കടലുമായി ചേരാൻ, കടലിന് നിലാവിനുമുന്നിൽ നഗ്നയായി നൃത്തം ചെയ്യാൻ സദാചാരഭീതിയുടെ ഇരുൾമാനങ്ങൾക്കു കീഴെ നാട്ടനൂഴേണ്ടതില്ല. ആ അർഥത്തിൽ ദമിത്രപ്രണയത്തെ പ്രകൃതിബിംബങ്ങളുടെ തുറസ്സിലേയ്ക്കും സ്വാച്ഛന്ദ്യത്തിലേയ്ക്കും മോചിപ്പിക്കുകയാണ് ശിവദാസ്, “മഴ നനയുന്ന വെയിലിലൂടെ. “കിണറ്റുവെള്ളത്തിന്റെ നിശ്ചലതയിൽ ആകാശത്തെ ഇറക്കി വെച്ച് സ്വപ്നം കാണാൻ’ പറയുന്നതുപോലൊരു പ്രതിക്രിയ. മഴയ്ക്കു വെയിലി നോടു ചെയ്യാനാവുന്നത് (ചെറിമരത്തോട് വസന്തം ചെയ്യുന്നതും) നമുക്കു ചെയ്യാ നാവുന്നില്ലല്ലോ എന്നൊരു നെടുവീർപ്പിന്റെ നേരിയ നൂലിഴകളാൽ നെയ്തൊരു ക്കിയ അനുഭൂതികംബളംപോലെ ഈ കവിത.

പ്രകൃതിഭാഷയിൽ പ്രണയം മാത്രമല്ല, രാഷ്ട്രീയവും പ്രിയപ്പെട്ട എഴുത്തുകാ രിക്കുള്ള വിയോഗധന്യവാദവും എഴുതാമെന്ന് “ഭൂമിയോളം’, ‘മെയ്ഫ്ളവർ’ എന്നീ കവിതകൾ. “വെളിച്ചത്തിലുണരാൻ ഇരുട്ടിലുറങ്ങി/ഇടതടവില്ലാതെ/നടന്നുകൊ ണ്ടിരിക്കുന്ന സമരദേവത’യാകുന്നു ഭൂമിയപ്പോൾ; “ദൂരെനിന്നുനോക്കിയാൽ ഉടു ത്തൊരുങ്ങിനിൽക്കുന്ന ഒരു തന്നിഷ്ടക്കാരി’യായ വാകമരമാകുന്നു അപ്പോൾ മാധ വിക്കുട്ടി. ഈ കവി സഞ്ചരിക്കുന്ന “പകൽ വണ്ടി’യേതെന്ന് ഇനിയും സംശയി ക്കേണ്ടതില്ല. അത് ഋതുപേടകങ്ങളെ കോർത്തിണക്കി രാതുരങ്കങ്ങൾ പിന്നിട്ടോ ടുന്ന അവനിവാന്ന പകൽക്കിനാവണ്ടി തന്നെയാകുന്നു. അതിലൊരു കോണിൽ, അവിചാരിതമായൊരു കണ്ടുമുട്ടലിന്റെ ആകസ്മികലഹരി സമ്മാനി ച്ചുകൊണ്ട്, കടന്നുവന്നേക്കാവുന്ന ഒരുവളെ കാത്തിരിപ്പാണ് കവി

“പ്രതീക്ഷിച്ചയിടങ്ങളിൽ കാണാതിരിക്കുമ്പോൾ

തികച്ചും അപ്രതീക്ഷിതമായൊരിടത്ത് ഞാൻ നിന്നെ പ്രതീക്ഷിക്കുന്നു.

ഈ ആകസ്മികതയുടെ മറുപേരാകുന്നു കവിത എന്ന് കവിത്വത്തിന്റെ ദുരൂ ഹപാതയിലൂടെ ഒരല്പദൂരമെങ്കിലും ഒറ്റയ്ക്ക് നടന്നിട്ടുള്ള ഒരാൾക്കറിയാം. ‘Poetry arrived/in search of me. I don’t know, I don’t know where/it came from, from winter or a river’ എന്ന് പാബ്ലോ നെരൂദ.

മഴയും വെയിലുമായി പ്രകൃതി ഭാഷയിൽ പകർന്നാടിയ പ്രണയം അൻവറും അക്ഷരയുമായി മൂർത്തമായ വ്യക്തിരൂപം കൈക്കൊള്ളുന്നു, “പ്രണയലേഖനം’ എന്ന കവിതയിൽ. ഭിന്നമതസ്ഥരുടെ പ്രണയത്തിന് നമ്മുടെ ഭാഷയിൽ ചില മികച്ച പൂർവമാതൃകകളുണ്ട്. വൈലോപ്പിള്ളിയുടെ “മുത്തും പവിഴവുമാണ് അവയിലൊ ന്ന്. പ്രണയികളായ മുത്തും പവിഴവുമാണ് പവിഴമല്ലിയുടെ പൂക്കൾ എന്നും ആ പ്രച്ഛന്നാവതാരരൂപം തന്നരുളുന്ന ക്ഷണികനിസ്തുലമായ സമാഗമനിർവൃതിക്കു വേണ്ടിയാണ് അവ അപ്രകാരം പുനർജനിച്ചതെന്നും പറയുന്നു, വൈലോപ്പിള്ളി. അക്കാലത്തുനിന്നും ഇക്കാലത്തേയ്ക്കു കുതിക്കുന്ന ചരിത്രത്തീവണ്ടിയിലാണി

പ്പോൾ അവൾ, അക്ഷര; അവളുടെ പ്രണയവിനിമയങ്ങൾ “എസ്സെമ്മെസ്സുകളായും മാറിയിരിക്കുന്നു. അൻവർ അക്ഷരയ്ക്കും അവൾ തിരിച്ചു മയയ്ക്കുന്ന SMS കൾക്കൊരു മുൻമാതൃക സമ്മാനിച്ചുകൊണ്ട് അവളുടെ മടിയിൽ ഒരു പുസ്തകം കിടക്കുന്നു. അതിൽ നിറയെ ഇപ്പോഴും മിടിച്ചുവറ്റിക്കഴിഞ്ഞിട്ടില്ലാത്ത പ്രണയാക്ഷ രക്കൂട്ടം. ബഷീറിന്റെ “പ്രേമലേഖന’മായിരുന്നു ആ കൃതി. പൊയ്പ്പോയ നവോ സ്ഥാനഋതുവിൽ നിന്ന് “ലൗജിഹാദ്’ എന്ന പൊയ്പ്പേടി തീണ്ടിക്കറുത്തുപോയ പുതു കാലത്തിലേയ്ക്കുള്ള പകർച്ചയെ തീവണ്ടിയുടെ ഉന്മത്ത വേഗവുമായി ക്കുന്നതോടൊപ്പം കവിതയ്ക്കൊടുവിൽ, പുഴയെച്ചുംബിക്കുന്ന ഒരു സുന്ദരൻ വെയിൽ!’ എന്നെഴുതിക്കൊണ്ട് തന്റെ രചനയ്ക്കൊരു നേർത്ത ബഷീറിയൻ സ്പർശം നൽകാനും ശിവദാസിനാകുന്നു. മനുഷ്യരെ സുന്ദരന്മാരും സുന്ദരികളുമാക്കുന്ന അതേ കാരണങ്ങൾ തന്നെയാണ് വെറും വെയിലിനെ സുന്ദരൻ വെയിലാക്കുന്ന ത്. അതൊരു നവോത്ഥാനവിവേകമാണ്. ആ വിവേകത്തെയാണ് തന്റെ വിനീത മായ കവിതയിലൂടെ ശിവദാസ് പുറമേരിയും ചുംബനസമരത്തിന്റെ പ്രകോപിപ്പി ക്കുന്ന സൗന്ദര്യത്തിലൂടെ കേരളീയയുവത്വവും ഇപ്പോൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നത്.

‘കരുണ’മെഴുതുമ്പോൾ അപൂർവമായ അലാപന വിശുദ്ധി കൈവരിക്കുന്ന കവി സ്വരമാണ് ശിവദാസ് പുറമേരിയുടേത്. “ഒറ്റച്ചെരിപ്പ്’, “അഥവാ മറന്നാലും’ ഇവ ഉദാ ഹരണങ്ങൾ. അനുരൂപമായ മറ്റൊന്നിന്റെ അഭാവത്തിൽ അപൂർണവും അനാഥവു മാവുക എന്നത്, ചെരിപ്പുകളുടെ മാത്രമല്ല, മനുഷ്യരുടെയും ദുരന്തഭാഗധേയമാ ണ്. ഈ സൂക്ഷ്മശോകത്തെ കടൽത്തീരത്തടിഞ്ഞ, ഇണച്ചെരിപ്പില്ലാത്ത, കറുത്ത കുട്ടിച്ചെരിപ്പിലൂടെ വായിച്ചറിയുകയാണ് ശിവദാസ് “ഒറ്റച്ചെരിപ്പ്’ എന്ന കവിതയിൽ. വിയോഗത്തിന്റെ, വിധുരതയുടെ, അനപത്യതയുടെ, അപരിഹാര്യമായ ഏകാകിത യുടെ ഒക്കെ ധ്വനികൾ തിളങ്ങുന്ന ദുഃഖത്തരികൾപോലെ ആ അനാഥപാദുകം ചൂഴ്ന്നുനിൽക്കുന്നു. എത്രവട്ടം തിരിച്ചെറിഞ്ഞാലും മറവിയുടെ കടലെടുക്കാത്ത ചില കറുത്ത വ്യസനങ്ങൾ ഓരോ മനുഷ്യാത്മാവിന്റെ തീരത്തുമുണ്ടാവുമെന്ന ദുര ന്തദർശനകാളിമയുടെ സാന്നിധ്യമാണ് ഈ കവിതയുടെ ഭാവാന്തരീക്ഷത്തിനും, ക്രമേണ ഇരുണ്ടുവരുന്ന, കടൽക്കരയിലെ സന്ധ്യയുടെ സൗന്ദര്യമണയ്ക്കുന്നത്. “ഒറ്റച്ചെരിപ്പി’ലെ അമൂർത്തമായ വിയോഗവ്യഥയെ മൂർത്തമായ ഒരു ജീവിതസ ന്ദർഭത്തിൽ മാറ്റിപ്പണിതതാണ് “അഥവാ മറന്നാലും’ എന്ന കവിത. അത്രമേൽ പ്രിയ ങ്കരനായ കവി മിത്രത്തിന്റെ ആകസ്മികമായ തിരോധാനത്തെ ആർഭാടങ്ങളേതുമി ല്ലാതെ വാങ്മയപ്പെടുത്തുന്നു ഈ കവിത. കവിയുടെ പ്രിയരൂപകമായ തീവണ്ടി ഇവിടെയും കടന്നുവരുന്നു. പതിനൊന്നരയ്ക്കുള്ള വണ്ടിക്കു പോയെന്നുള്ള വാർത്ത ഞാനറിഞ്ഞിട്ടും വെറുതേ വിളിക്കുമ്പോൾ നിലവിലില്ലാതായ നമ്പറിൻ പ്രതിധ്വനി/തീവണ്ടിത്താളംപോലെ വന്നുമുട്ടുന്നു നെഞ്ചിൽ. സങ്കടസ്മരണകളെ വീണ്ടും വീണ്ടും നെഞ്ചിലേയ്ക്കെറിയുന്ന അലത്താളം പോലെയാകുന്നു അപ്പോൾ തീവണ്ടിത്താളം. ഇങ്ങനെയെല്ലാം ജീവിതത്തെ അതിന്റെ ദുരന്തസ്വഭാവത്തോടു കൂടി സ്വീകരിക്കുമ്പോഴും പ്രത്യാശ വറ്റാത്തതാണ് ഈ കവിയുടെ മൊഴിയും വഴിയും

“ഇനിയുമേറെ നടക്കുവാനുണ്ടെന്ന

ബോധമുള്ളിലുദിക്കുന്ന നേരത്ത്

കാലുകൾ

വീണ്ടുമോർമിച്ചെടുത്തിടും

നിന്നുപോയ നടപ്പുകളൊക്കെയും.

ഇത് ഈ കവിതകളുടെ രാഷ്ട്രീയമുഖമാണ്. ആർദ്രമായ വൈകാരികതയെ അത്രതന്നെ ബലിഷ്ഠമായ രാഷ്ട്രീയ ജാഗ്രതയുമായി തൊടുത്തുനിർത്തുമ്പോഴു ണ്ടാകുന്ന അപൂർവസന്തുലനമാണത്. അത്തരമൊരു സന്തുലനത്തെയാണ് മലയാ ളകവിതയിൽ വൈലോപ്പിള്ളിയെപ്പോലെ ശക്തനായൊരു പൂർവഗാമി സാക്ഷാത്ക്ക രിച്ചതെന്ന് നമ്മളോർക്കുന്നു. ആ മഹാപൈതൃകത്തെത്തന്നെയാണ്, അതിന്റെ സൂക്ഷ്മമാർഥത്തിൽ, ശിവദാസപുറമേരിയുടെ കവിതയും പിൻപറ്റുന്നത്. വൈലോ പ്പിള്ളിയുടെ പ്രിയപക്ഷി, അതിനാൽ, ശിവദാസിന്റെ കവിതയിലും പറന്നിരിക്കുന്നു.

“അല്ലെങ്കിലും സ്വന്തം പേര് വിളിച്ചുകരയുന്ന ഒരു പക്ഷിക്ക്

എങ്ങനെ വഹിക്കാനാവും അന്യന്റെ

ആത്മാവിനെ’ (കാക്ക).

ഏപ്രിലില്ലികളുടെ ക്ഷണികാവതാരങ്ങൾക്കും കവിതപാടില്ലെന്നു കല്പിച്ച ആ പഴയ റിപ്പബ്ലിക്കിന്റെ നവാവതാരങ്ങൾക്കുമിടയിൽ സർഗാത്മകത പുലരുന്ന തെങ്ങനെ എന്നതിനുള്ള സരളവും നിശിതവുമായ ഉത്തരമാകുന്നു ഇത്. ഓരോ മൊഴിയിലും സ്വന്തം പേര് കേൾപ്പിക്കുന്ന പക്ഷി അതിജീവിക്കുന്നു. അത്തരമൊരു പക്ഷിജീവിതം തനിക്കും തന്റെ കവിതയ്ക്കും സ്വന്തമായുണ്ടെന്ന് സാക്ഷ്യപ്പെടു ത്തുന്നു ശിവദാസ് പുറമേരി എന്ന മുതിർന്ന കവിയുടെ, അരപ്പതിറ്റാണ്ടിനുശേഷം, മൂന്നാമത്തേതായി പുറത്തിറങ്ങുന്ന ഈ കാവ്യസമാഹാരം. പ്രിയസ്നേഹിതനായ കവിക്കും ഏറെ പ്രിയം തോന്നിയ ചില കവിതകളുടേതുകൂടിയായ ഈ സമാഹാ രത്തിനും ആശംസകൾ.


related posts

വാക്കിന്റെ വേരോട്ടം – സജയ് കെ.വി.