എഴുപതുകളുടെ കവിതയ്ക്ക് മലയാളത്തിലുണ്ടായിട്ടുള്ള അപൂർവം ചില തുടർച്ചകളി ലൊന്നാണ് ശിവദാസ് പുറമേരിയുടെ കവിത. ഞാനുദ്ദേശിക്കുന്നത് “ബംഗാളിന്റെയും ‘കുറത്തി’ യുടെയും സംക്രമണ’ത്തിന്റെയും ‘പനി’യുടെയും “മാപ്പുസാക്ഷി’യുടെയും “കബനിയുടെയും കാലത്തെ ഏതെങ്കിലും രീതിയിൽ ഈ കവിതകൾ പുനഃസൃഷ്ടിക്കു ന്നു എന്നല്ല, അക്കാലത്തിന്റെ നൈതിക ചോദനകളും സാമൂഹോത്കണ്ഠകളും അന്തഃ സംഘർഷങ്ങളുമെല്ലാം മാറിയ ഒരു കാലത്ത് ഈ രചനകൾ ഏറ്റെടുക്കുന്നു എന്നുമാത്ര മാണ്. യുവകവിത ചെറിയ അനുഭൂതികളിലേക്കും ചെറിയ ദൈനംദിനോദ്വേഗങ്ങളി ലേയ്ക്കും സങ്കോചിച്ചുകൊണ്ടിരിക്കുന്നു എന്ന തോന്നൽ ശക്തമായികൊണ്ടിരിക്കുന്ന ഒരുകാലത്ത് ഇത് എടുത്തുപറയേണ്ട വൈശിഷ്ട്യമാണ്. വിശേഷിച്ചും നമ്മുടെ കവിത യുടെ യാഥാർത്ഥ പാരമ്പര്യം – ആശാൻ, പി., ഇടശ്ശേരി, വൈലോപ്പിള്ളി, എൻ.വി., എം.ഗോ വിന്ദൻ, ഒ.എൻ.വി., സുഗതകുമാരി തുടങ്ങിയവരിലൂടെ ആവിഷ്കൃതമായ പാരമ്പര്യം വലിയ സാമുദായികോദ്വേഗങ്ങളുടേതും സംഘർഷങ്ങളുടേതുമാണ് എന്നതുകൊണ്ട്.
ശിവദാസിന്റെ മുൻ കവിതകൾ തന്നെ ഈ രീതിയിൽ തന്റെ വ്യത്യാസം അടയാളപ്പെ ടുത്തിയിരുന്നു. ഇവിടെ രചനകൾക്ക് കൂടുതൽ മുറുക്കവും തിളക്കവും കിട്ടുന്നു. ഇവിടെ രാഷ്ട്രീയം പലപ്പോഴും പരോക്ഷമാണ്. “അടിവേര്’ എന്ന കവിത നോക്കുക. അന്നവും വെള്ളവും തേടി അലയുന്ന വേരുകൾ പ്രാക്തനമായൊരു ശിലാഖണ്ഡത്തിൽ മുട്ടുമ്പോൾ വൃക്ഷം അനാവൃതമാകാത്ത ഒരു പുരാസംസ്കാരത്തെക്കു റിച്ച് ഊറ്റംകൊള്ളുന്നു, ഇല കൾ പാടുന്നു. പക്ഷേ ആ വരൾച്ച വൃക്ഷാഗ്രങ്ങൾ കുറിക്കുമ്പോൾ വേരുകൾ ദു:ഖത്തോടെ മരത്തെ നോക്കുന്നു. ഇലകളോ, ആഴപ്പൊരുളറിയാതെ മഹത്വകീർത്തനം തുടരുന്നു. പല തലങ്ങളിൽ അർത്ഥം പൊലിപ്പിക്കുന്നതാണ് ഈ ഹസ്വരചന. ചരിത്രത്തെയും പൈതൃ കത്തെയും പ്രകീർത്തിക്കുന്നവർ മനുഷ്യന്റെ ഭൗതികമായ ആകാംക്ഷകളുടെയും അധ്വാ നത്തിന്റെയും ഫലമാണവ എന്നു തിരിച്ചറിയുന്നില്ല. ഈ പൈതൃകം തന്നെ ക്രമേണ ജീവിതത്തിന്റെ പ്രഗതിയെ തടയുകയും പ്രാണനെ വരട്ടുകയും ചെയ്യുന്നു, അപ്പോൾ പാര മ്പര്യത്തെക്കുറിച്ചുള്ള കുരുടൻ പൊങ്ങച്ചം പരിഹാസ്യമായി മാറുന്നു. മുഖ്യമായത് ജീവി തമാണ്, യാഥാർത്ഥ്യത്തിന്റെ പൂവും പച്ചയുമാണ്, അതിന്റെ പാടുന്ന ശാഖകൾക്കാവ ശ്യം ഭൂതകാലഗർവ്വകളല്ല; തളിരുകളെ ത്വരിപ്പിക്കുന്ന വർത്തമാന ചൈതന്യത്തിന്റെ നീരും വളവുമാണ്. ഈ വിവേകത്തെ കവി തന്റെ കവിതയുടെ വെളിച്ചമാക്കുന്നു. വീണ്ടും വീണ്ടും തോറ്റുപോകുന്ന തിരിനാളത്തെ ഇരുട്ടു പരിഹസിക്കുമ്പോൾ കാറ്റിലുലഞ്ഞിട്ടും കെടാത്ത പ്രത്യാശയുടെ ജ്വാല മറുപടി പറയുന്നത് ദുർബ്ബലമെങ്കിലും തന്റെ പ്രകാശത്തിന് രാത്രിയെ, തിന്മയെ അല്പമെങ്കിലും പൊള്ളിക്കാൻ കഴിഞ്ഞുവല്ലോ എന്നാണ്. (“കൃതാർത്ഥ’). വലിയ ഒന്നിൽ – മഴയിൽ, കടലിൽ, ഇടിയിൽ, വെയിലിൽ, ലയിച്ചും പിരിഞ്ഞും അനന്തമായി തുടരുന്ന ജീവകണികയുടെ ആത്മവിശ്വാസമാണത്. (“കിടപ്പ്’).
ചരിത്രത്തിന്റെ അദൃശ്യനിഗൂഢമായ പരിണാമത്തെക്കുറിച്ച് രസകരമായൊരു കവിത യുണ്ട് “ചിലതരം വിരലുകൾ’ എന്ന ഈ സമാഹാരത്തിൽ. പുസ്തകമുറിയിൽ എലികളെ പ്പോലുള്ള ശബ്ദങ്ങൾ ആരോ ഉണ്ടാക്കുന്നു. രാവിലെ നോക്കുമ്പോൾ പുസ്തകങ്ങൾ ക്രമം തെറ്റിക്കിടക്കുന്നു. പഴയ താളുകളിൽ നിന്ന് വാക്കുകൾ പലതും അപ്രത്യക്ഷമാകു ന്നു. പഴയ ബിംബങ്ങൾ പോകുന്നു. പഴയ പേരുകൾ മായുന്നു, അവിടെ പുതിയ പ്രതി ഷ്ഠകൾ നടക്കുന്നു. പഴയ നേരുകൾക്ക് പകരം പുതിയ പേരുകൾ പ്രത്യക്ഷമാകുന്നു. നിരന്തരം പുനർനിർമ്മിക്കപ്പെടുന്ന ചരിത്രത്തെക്കുറിച്ചുള്ള ഭ്രമാത്മകരീതിയിലുള്ള ഒരു വിചാരമാണ് ഈ രചന. (“ചരിത്രത്തിൽ അഥവാ പുസ്തകത്തിൽ സംഭവിക്കുന്നത്’). വേരു കളാണ് വൃക്ഷങ്ങളുടെ മഹാരഹസ്യമെന്നും അവയുടെ ശാശ്വതികത്വം അല്പായുസ്സുക
ളായ ഇലകൾക്കും പൂക്കൾക്കുമില്ലെന്നും “ഇരുട്ടിന്റെ തീർത്ഥാടകരെ’ന്നു സ്വയം പഴിക്കുന്ന വേരുകൾക്ക് മരത്തിന്റെ കാതൽ ഉറപ്പുനൽകുന്നുണ്ട് മറ്റൊരു കവിതയിൽ. യാഥാർത്ഥ്യം അടിത്തട്ടുകളിലാണെന്നും വർത്തമാനത്തെ നിർമ്മിക്കുന്നത് അദൃശ്യമായി അടിമണ്ണിൽ പുതഞ്ഞ ശക്തികളാണെന്നും സൂചിപ്പിക്കുന്ന ഈ കവിത (“ഇലകൾ പ്രാർത്ഥിക്കുന്നു’), “അടിവേര്’ എന്ന കവിതയുടെ മറ്റൊരു ദിശയിലേക്കുള്ള വികാസമാണ്.
ചെറുതും അദൃശ്യവുമായവയിലുള്ള ഊന്നൽ ശിവദാസിന്റെ കവിതയ്ക്ക് പൊതുവേ യുണ്ട്. “കിടപ്പിലെ ജീവകണികയാകട്ടെ “കൃതാർത്ഥ’യിലെ തീനാളങ്ങളാകട്ടെ, “ഇലകൾ പ്രാർത്ഥിക്കുന്നു’വിലെ വേരുകളാകട്ടെ, “കല്ലുപ്പിലെ ഉപ്പുതരിയാകട്ടെ, ഇവയിലെല്ലാം കവി ശക്തിയുടെ ഉറവിടങ്ങൾ തേടുന്നു. “കല്ലുപ്പിൽ കവി പറയുന്നു, ഓരോ ഉപ്പുതരിയിലും സമുദ്രം ഉറങ്ങുന്നുവെന്ന്, സൂര്യന്റെ കാൽക്കീഴിൽ ചോര വാറ്റിയ, കണ്ണീരു വറ്റിയ കഥയു റങ്ങുന്നുണ്ടെന്ന്. വിസ്മൃതി ചേർക്കാതെ പച്ചയ്ക്കു കഴിച്ചാൽ അത് തൊണ്ടയിൽ ഓർമ്മ യുടെ മുഴയാകുമെന്നൊരു താക്കീതും! രഹസ്യങ്ങൾ സഞ്ചരിക്കുന്നതും അടിത്തട്ടിലൂടെ യാണ് – കിണറ്റുകരയിലെ അടക്കം പറച്ചിലും കിടപ്പറയിലെ തലയിണമന്ത്രവും ആത്മഗ തവുമെല്ലാമായി തങ്ങളെക്കുറിച്ചു പരക്കുന്ന രഹസ്യം ഏറ്റവുമൊടുവിലാണ് അതിലെ കഥാപാത്രങ്ങളുടെ ചെവിയിലെത്തുന്നത്.
ചിലപ്പോൾ ശിവദാസ് ഐതിഹ്യങ്ങൾ തിരിച്ചിടുന്നു. “ആമയും മുയലും’ എന്ന കഥ യിലെ ആമ ദീർഘായുസ്സുകൾ താണ്ടി നൂറ്റാണ്ടിനക്കരെ ഇഴഞ്ഞുചെല്ലുന്ന ക്ഷമയും അതി ജീവനവും ആണ്; മുയലോ പാതിവഴി തീരുന്ന ക്ഷണികമായ ചാട്ടങ്ങളും – ഇതു തിരിച്ച റിഞ്ഞ ആമയ്ക്ക് പന്തയങ്ങൾ ആവശ്യമില്ല. അതിന്റെ വിജയത്തിന് മുയൽ ഉറ ങ്ങേണ്ടതുമില്ല. പകരം’ എന്ന കവിതയിൽ മുതലയുടെയും കുരങ്ങിന്റെയും കഥയാണ് പുനരാഖ്യാനം ചെയ്യപ്പെടുന്നത്. കരളും ഹൃദയവും നഷ്ടമായ തന്റെ പകർച്ചവ്യാധിയെ അശിച്ചുകൊള്ളാനാണ് ഇക്കുറി കുരങ്ങ് പറയുന്നത്. മരങ്ങളെന്നപോലെ മഴയും ജലവും ഈ കവിതകളിൽ ആവർത്തിച്ച് പ്രത്യക്ഷമാകുന്നു. നഷ്ടപ്പെട്ട കുടയെക്കുറിച്ചോർക്കു മ്പോൾ മകളുടെ “മറക്കരുതേ’ എന്ന താക്കീത് മനസ്സിൽ പെയ്യുന്നു (“മഴയത്ത്’). തവള കളെ കവി വിശേഷിപ്പിക്കുന്നത് “മലയാളത്തിൽ മഴ പെയ്യിച്ചവർ’ എന്നാണ് (“തവളകൾ’). ഫോട്ടോഗ്രാഫർ വിക്ടർ ജോർജ്ജിന്റെ മരണത്തിലും മഴയുണ്ട്. “ഒടുവിലത്തെ സ്നാപ്പിൽ മഴ പുളഞ്ഞുപെയ്യുകയായിരുന്നു. ക്യാമറയുടെ ഊർജ്ജതന്ത്രങ്ങൾക്കൊപ്പം പൊട്ടിയൊ ലിച്ച ഭൂമിയുടെ മുറിവിൽ ബാക്കിയായത് മരണത്തിന്റെ ഒരു കളർപ്രിന്റ്’ എന്ന് ശക്തമാ യൊരു ബിംബത്തിലാരംഭിക്കുന്ന കവിതയിൽ മഴ പല അർത്ഥങ്ങൾ തേടുന്നു. (“മഴയുടെ ആൽബം – ചില ചിത്രങ്ങൾ കൂടി’)
ക്രൂരമായ നമ്മുടെ വർത്തമാനത്തിലേക്കുതന്നെയാണ് ശിവദാസിന്റെ കവിത അത്യ ന്തികമായി തിരിഞ്ഞിരിക്കുന്നത്. കുറുക്കന്റെ കാട്ടുനീതികൾക്ക് തുണനിൽക്കുന്ന കോട തിയുടെ മരണവിധിയെ കോഴി പരിഹസിക്കാൻ തുടങ്ങുമ്പോഴേക്കും അതിന്റെ മൊഴി പിന്നിൽനിന്നു നീണ്ടുവന്ന ഒരു ചാനൽ പിടിച്ചുകൊണ്ടുപോകുന്നു. (“കോടതിയലക്ഷ്യം’). ഇത് നമ്മുടെ നീതിന്യായവ്യവസ്ഥയുടേതെന്ന പോലെ മാധ്യമവ്യവസ്ഥയുടെയും വിമർശനമുൾക്കൊള്ളുന്നു. പ്രഷർ കുക്കർ’ എന്ന കവിത ഒരു വേലക്കാരിക്കുട്ടിയുടെ ഏകാന്തതയിലേക്ക് വിരൽ ചൂണ്ടുന്നു. അവളുടെ മനം വേവുന്ന മണമാണ് പ്രഷർകു ക്കറിൽ നിന്നുയരുന്നത്. വീട്ടുകാരെല്ലാം പോകുമ്പോൾ കമഴ്ത്തിയ പാത്രങ്ങൾക്കൊപ്പം അവളും മറവിയാലാണ്ടുകിടക്കുന്നു. എത്രമാത്രം എഴുത്തുകൾ – ആണെഴുത്ത്, പെണ്ണ ഴുത്ത്, ദളിത് എഴുത്ത്, ന്യൂനപക്ഷ എഴുത്ത് – ഉണ്ടായാലും ഒരിര എപ്പോഴും ആവിഷ്ക രിക്കപ്പെടാതെ ബാക്കിയാവുന്നു എന്നോർമ്മിപ്പിക്കുന്നു “ഇരയെഴുത്ത്’ എന്ന കവിത. മരി ച്ചവർ ഭൂമിക്കടിയിലൂടെ പ്രകടനം നയിക്കുകയും മരങ്ങളിൽ നിന്ന് ചോര പൊടിയുകയും ജലമുഖത്തിന് തീപിടിക്കുകയും ചെയ്യുമ്പോഴും കിണറ്റിന്റെ തണുത്ത വൃത്തത്തിൽ അമർന്നിരിക്കുന്ന തവളയോട് കിണർ പറയുന്നു, കൂപമണ്ഡൂകങ്ങളുടെ ഉത്തരാധുനികത തകർന്നുപോയെന്ന്; അവരും ഇരുട്ടിലേയ്ക്കാണ്ടു പോകാൻ സമയമായെന്ന്. “പ്രണയഗീ തങ്ങൾക്ക് ഒരടിക്കുറിപ്പ്’ എന്ന കവിതയിലും വർത്തമാന വിഹ്വലതയാണ് നിറഞ്ഞുനിൽക്കു ന്നത്. കടൽത്തീരത്ത് ഓരോ ജഡമറിയുമ്പോഴും അത് അവളാകരുതേ എന്നു പ്രാർത്ഥി ക്കുന്ന കവി രാത്രിവണ്ടിയുടെ പാളങ്ങളിലും രാസഗന്ധം നിറഞ്ഞ ശവസത്തിലും അജ്ഞാത ജീവിതങ്ങളിലുമാണ് തന്റെ കാമുകിയെ തിരയുന്നത്. “മരണവീടുകളെന്ന കവിതയിലും കൊടിപുതപ്പിച്ച ജഡവുമായി വരുന്ന വിലാപയാത്രയും അലമുറകളും
തളർന്ന പിതാവും വീട്ടിൽനിന്നു വീട്ടിലേക്ക് പ്രതികാരസന്ദേശവുമായി ചരിക്കുന്ന അദ ശ്യനായ ഒരുവനും കാണപ്പെടുന്നു. കുന്നിന്റെ നിഗൂഢതയാൽ അപഹരിക്കപ്പെടുന്ന കുഞ്ഞുങ്ങളും (കുന്നു കാണാൻ പോയ കുട്ടികൾ’ മുഴുവനും മൃഗമാവും മുമ്പേ മനു ഷ്യത്വത്തിന്റെ ഒരു പൊയ്മുഖത്തിനോ ഒരു പഴയ ചിരിക്കോ വേണ്ടി കൊതിക്കുന്ന ഏകാ കിയും (“മൃഗമുഖം’) കത്തുന്ന വയലിനോടൊപ്പം കത്തുന്ന കർഷകനും (“കത്തുന്നു വയ ലിനോടൊപ്പം’) ചരിത്രത്തിൽ വീണ്ടും വീണ്ടും പ്രത്യക്ഷമാകുന്ന ഏകലവ്യൻ, ബംഗാ ളിലെ പട്ടുനൂൽ നൂല്പുകാർ, വർഗ്ഗീസ് അറ്റുപോയ വിരലും (“ചിലതരം വിരലുകൾ) ഈ കവിതകളുടെ ലോകത്തെ ചരിത്രസ്മൃതികളും വർത്തമാനഭീകരതകളും കൊണ്ട് തീക്ഷ്ണമാക്കുന്നു. “അവാർഡ്’ എന്ന കവിതയിലെ രൂക്ഷ പരിഹാസവും സുനന്ദയുടെ ഓർമ്മകളിലെ അമ്മയുടെ കഠിനവ്യഥയും മുറിച്ച് കാലുകളിലെ ഒറ്റക്കാലിന്റെ നടക്കാത്ത പാതകളെക്കുറിച്ചുള്ള വിങ്ങുന്ന ഓർമ്മകളും “ഉടയാത്ത പ്രതിമകളിലെ ദൃഢവിശ്വാസവും “ജലപാഠങ്ങളി’ലെ വൈകിവരുന്ന വെളിപാടും നമ്മുടെ സങ്കീർണ്ണകാലത്തിന്റെ ഭിന്നമാന ങ്ങളിലേയ്ക്കുള്ള വാഗ്സഞ്ചാരങ്ങളാണ്. ഇതിനുമപ്പുറമുള്ള നിർവ്വചനങ്ങൾക്കൊന്നും ഞാനീ കുറിപ്പിൽ മുതിരുന്നില്ല. കാരണം കവി പറയുംപോലെ “അളന്നുമുറിച്ച് കാലുകൾ പാകമാവില്ല കവിതയ്ക്ക് ഞാൻ വരുന്നില്ല ചങ്ങാതി, കവിതയെക്കുറിച്ചു പറയാൻ.