2,640

കാല്‍നൂറ്റാണ്ടിനിടെ ശിവദാസ് പുറമേരി എഴുതിയ  തെരഞ്ഞെടുക്കപ്പെട്ട കവിതകളുടെ സമാഹാരമായ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍ എന്ന കൃതിയുടെ വായന
[ട്രൂകോപ്പി വെബ്സീനില്‍ പ്രസിദ്ധീകരിച്ചത്]


ഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ശിവദാസ് പുറമേരി എഴുതിയ  തെരഞ്ഞെടുക്കപ്പെട്ട കവിതകള്‍ മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍ എന്ന പേരില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നു. ഇതിനകം പ്രസിദ്ധീകൃതമായ മൂന്ന് സമാഹാരങ്ങളിലെ ശ്രദ്ധേയമായ കവിതകള്‍ക്കു പുറമേ പുതിയ കവിതകളും ഈ സമാഹാരത്തിലുണ്ട്. ചിരസമ്മതമായ കവനരീതികളുടെ ശക്തി ഉള്‍വഹിച്ചും അവയെ പുതുക്കിയും   സമകാലികമാക്കിയും  പുതു ഭാവുകത്വത്തിലേയ്ക്ക് സംക്രമിക്കുന്നതിന്റെ അടയാളപ്പെടലായി ഈ സമാഹാരം മാറുന്നു. വാസ്തവികതയും അനുഭൂതിപ്രപഞ്ചവും കെട്ടിപ്പുണരുന്ന നിരവധി ഇന്‍സ്റ്റലേഷനുകളാല്‍ സമ്പന്നമാണ് ഈ സമാഹാരം.  മികച്ച കവിതകളില്‍ സംഭവിക്കുന്ന ഭാഷയുടെ ഒരു തുരന്നെടുപ്പ്   ഈ കവിതകളില്‍ ഉടനീളം അനുഭവിക്കാം . പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയവിഷയങ്ങളെ ഉള്ളടക്കമാക്കുന്ന കവിതകളേക്കാള്‍ സാധാരണമെന്നു തോന്നിക്കുന്ന കാര്യങ്ങളെ അനുപമമാംവിധം രാഷ്ട്രീയവല്‍ക്കരിക്കുകയും ചരിത്രവല്‍ക്കരിക്കുകയും ചെയ്യുന്ന കവിതകളിലാണ്   സൂക്ഷ്മരാഷ്ട്രീയം സവിശേഷമായി മുദ്രിതമായിട്ടുള്ളതെന്ന് കാണാം. അനുഭവസ്ഥമായ ജീവനാവസ്ഥകളെ അടുത്തറിഞ്ഞ് തിടംവച്ച ഒരു ജീവഭാഷ പലകാലത്തെഴുതപ്പെട്ട ഈ കവിതകള്‍ക്ക് കുറുകെ ഒഴുക്കാര്‍ജിക്കുന്നത് കാണാം.

“ഏകാന്തപ്രണയരൂപമായൊഴുകിടുന്ന ഉള്‍പ്പുഴ’യാകാം (“ജലരൂപങ്ങള്‍’)  ജീവനാര്‍ജിച്ച വസ്തുലോകവുമായി വിനിമയത്തിലേര്‍പ്പെടുമ്പോള്‍ വിടര്‍ന്നുപരക്കുന്ന ഒരു ആര്‍ദ്രമായ പാരസ്പര്യം

വായനക്കാര്‍ക്കനുഭവഭേദ്യമാകുന്നതിന്റെ ഹേതു. ഈ പാരസ്പര്യത്തിന് സഹജീവനത്തിന്റെ ഊഷ്മളതയുണ്ട്. അതു തന്നെയാണ് അതിന്റെ രാഷ്ട്രീയവും. മഴയുടേയും പുഴയുടേയും മലയുടേയും ജീവനഭാഷ കവിതയുടെ ഭാഷയുമായി താദാത്മ്യം പ്രാപിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ശിവദാസിന്റെ കവിതകളില്‍ ഉടനീളം കാണാം.

എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും കാവ്യഭാഷയെ കവി കാലാനുസൃതമായി പരിവര്‍ത്തിപ്പിച്ചതിന്  ഈ കവിതകളിലെ ബിംബാവലികള്‍ സാക്ഷ്യം പറയും. നൈരന്തര്യം നിലനിര്‍ത്തിക്കൊണ്ടു കാവ്യഭാഷയ്ക്കകത്തു തന്നെ തന്റേതായൊരു പുതുഭാഷ സൃഷ്ടിച്ചുകൊണ്ടാണ് ശിവദാസ് ഇത്തരം സ്വയംപുതുക്കലുകള്‍ സാധ്യമാക്കുന്നത്.  ഈ സമാഹാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംഗത്യവും ഈ സര്‍ഗാത്മകസംക്രമണത്തിന്റെ രേഖ എന്ന നിലയ്ക്കുതന്നെ.  കവിതയുടെ സാമ്പ്രദായികത്വത്തെ  സൂക്ഷ്മരാഷ്ട്രീയശരികളുടെ പുതുകാഴ്ചകളാല്‍ മറികടകടക്കുന്ന  നവകവിതയുടെ പുതിയ വിസ്മയങ്ങള്‍ ശിവദാസിന് എളുപ്പം വഴങ്ങുന്നുണ്ട് എന്ന് ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോള്‍ ബോധ്യമാകും. കാലമെഴുതുന്ന  ഏറ്റവും വലിയ പുസ്തകമായ ജീവിതത്തിലെ (“പുസ്തകം’)  അലേഖകള്‍  കാവ്യപ്രതിഷ്ഠകളാല്‍  പൊലിപ്പിച്ചെടുത്തിരിക്കുന്ന കവിയെ ഇവിടെ ദര്‍ശിക്കാം. എഴുപതുകളുടെ കവിതയ്ക്ക് മലയാളത്തില്‍ ഉണ്ടായിട്ടുള്ള അപൂര്‍വം ചില തുടര്‍ച്ചകളിലൊന്നാണ് ശിവദാസ് പുറമേരിയുടെ കവിത എന്ന് സച്ചിദാനന്ദന്‍ നിരീക്ഷിച്ചിട്ടുള്ളത് വളരെ ശരിയാണെന്ന് ഈ കാവ്യസമാഹാരം തെളിയിക്കുന്നു.

കീഴാള ജീവിതങ്ങളെയും ദളിത് അനുഭവങ്ങളേയും സൂക്ഷ്മമായി ആവിഷ്‌കരിച്ച കവിയാണ് ശിവദാസ് പുറമേരി. മലയാളത്തിലെ ദളിത് കവികളില്‍ ശിവദാസിനെ ഉള്‍പ്പെടുത്താറുണ്ടെങ്കിലും അത്തരം ബ്രാന്‍ഡിംഗുകളിലൊന്നിലും ഒതുക്കിനിര്‍ത്താന്‍  സാധ്യമല്ലാത്ത കാവ്യവ്യക്തിത്വത്തുനുടമയാണദ്ദേഹം. തന്റെ മനസ്സിനെ ഉലയ്ക്കുന്ന ഏത് കാര്യവും അദ്ദേഹം കവിതയ്ക്ക് വിഷയമാക്കാറുണ്ട്. കീഴാള, ദളിത്, സ്ത്രീ ജീവിതാനുഭവങ്ങളെ അലിവോടെയും സാമൂഹ്യബോധത്തോടെയും ആവിഷ്‌കരിച്ചിട്ടുള്ള ശിവദാസ് അവസാനത്തെ ഇരയുടേയും വ്യഥകള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ഇഷ്ടപ്പെടുന്നു. വിഭാഗിയതകളോട് സന്ധിചെയ്യാതെ വിശാലമാനവികപക്ഷത്ത് ഉറച്ചുനിന്ന കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് ശിവദാസ് പുറമേരി.  പരിസ്ഥിതിയോടും ഗ്രാമീണമായ ഈടുവയ്പുകളോടും പ്രത്യേക ആഭിമുഖ്യം കാണിക്കുന്ന ശിവദാസിന്റെ രചനകളില്‍ നാട്ടു ജീവിതത്തിന്റെ ചൂരും നേരും ചെത്തവും അനുഭവിക്കാം. ശിവദാസിന്റെ മിക്ക കവിതകളിലും പാരിസ്ഥിതികജാഗ്രത അലിഞ്ഞുചേര്‍ന്ന വിധത്തില്‍ നമുക്ക് അനുഭവിക്കാന്‍ കഴിയും.

കവിതയെത്തന്നെ നിര്‍വചിക്കാനുള്ള കവികളുടെ സത്യാന്വേഷണം പുതിയ ബിംബകല്‍പ്പനകളും കാവ്യഭാഷയും ഉല്‍പ്പാദിപ്പിച്ചു മുന്നേറുന്നതാണ് സമകാലികകവിതയില്‍ നമുക്ക് കാണാനാവുക. കാതലുള്ളതും നവീനങ്ങളുമായ കാവ്യബിംബങ്ങളാണ് ശിവദാസ് പല വിതാനങ്ങളിലായി തന്റെ പുതിയ രചനകളില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ജലബിംബങ്ങളുടെ ഒരു പാടമാണ് ഈ കവിതകള്‍ എന്ന് ഇ പി രാജഗോപാലന്‍ അവതാരികയില്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ട്.

കടലിന്റെ പരപ്പും
പുഴയുടെ ഒഴുക്കുമില്ലാത്ത
പരിമിതിയുടെ
ജ്യാമിതീയ രൂപം.

എന്ന് കുളത്തെ അറിഞ്ഞയാളപ്പെടുത്തുന്ന കവി
പ്രൗഢിയുടെ പിന്നാമ്പുറങ്ങളില്‍
സര്‍വമാലിന്യങ്ങളും
ഒലുമ്പിത്തീര്‍ക്കുന്ന
തടവുജലം

​​​​​​​എന്ന് അതിന്റെ അകത്തെ തിരിച്ചറിയുന്നു ( “കുളം’ ). ഉഴുതുമറിക്കപ്പെട്ട മനവും ശരീരവുമായി മഴ കാത്തുകൊണ്ടുള്ള കിടപ്പിലാണ് തടവുജലം എന്ന സങ്കല്‍പ്പം. പ്രവാഹജീവിതത്തെ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യമോഹമായാണ് അത് വായിക്കാന്‍ കഴിയുക.

കളങ്ങള്‍ നമ്മുടെ നാട്ടിലെ ജീവിതത്തിന്റെ ഏറ്റവും ഉന്മേഷദായകവും സജീവവുമായ വിനിമയകേന്ദ്രമായിരുന്നല്ലോ. “ഇലകള്‍ പ്രാര്‍ഥിക്കുന്നു’ എന്ന കവിതയില്‍ വ്യക്ഷജന്‍മത്തിന്റെ കര്‍മകാണ്ഡത്തെ കവി വേരുകളും കാതലും ഇലകളുമായുള്ള ജൈവികസംവാദത്തിലൂടെ മനുഷ്യജീവിതത്തിന്റെ മാത്രമല്ല, ജീവനപ്രക്രിയയുടെ തന്നെ  മഹാരഹസ്യങ്ങളോര്‍മിപ്പിക്കുന്നുണ്ട്.  ഇരുട്ടിന്‍ തീര്‍ത്ഥാടകരായ വേരുകളാണ് ഈ ജീവന രഹസ്യങ്ങളുടെ കലവറ.

കാലം
മണ്ണിലേക്കൊഴുക്കിയ
ചോരയും കിനാക്കളും
വറ്റാതെ കിടപ്പുണ്ട്
വേരിലും തണ്ടിലും

എന്ന് “ആഗസ്തിലെ പൂക്കള്‍’ എന്ന കവിതയിലും കവി നേരിന്‍ വേരന്വേഷിച്ചു കണ്ടെത്തുന്നുണ്ട്. “അടിവേര്’ എന്ന കവിതയില്‍ അഗ്രങ്ങള്‍ കരിഞ്ഞുണങ്ങുമ്പോള്‍ വേദനയോടെ മുകളിലോട്ടു നോക്കുന്ന അടിവേരുകളെ കാട്ടിത്തരുന്നുണ്ട് കവി. ഇത്തരം കണ്ടെത്തലുകള്‍ വായനക്കാര്‍ക്ക് നല്‍കുന്ന ആത്മഹര്‍ഷം വലുതാണ്.
“കവിതയുടെ പേര് ‘ എന്ന കവിതയില്‍ സ്വാതന്ത്ര്യത്തിന്റെ പരിമിതിയില്‍ നിന്നതിജീവിച്ചുവരുന്ന കവിതയുടെ പൊടിപ്പിടലുകളുണ്ട്.

കാടു മുഴുവന്‍
അരിച്ചുപെറുക്കിയിട്ടും
കണ്ടില്ല കൂട്ടുകാര്‍
കവിയെ മാത്രം. 

എന്ന് പ്രത്യക്ഷത്തില്‍ കണ്ടെത്താവുന്ന ഇടങ്ങളിലാവില്ല കവി എന്ന് നമ്മെ ഓര്‍മിപ്പിക്കുന്നുമുണ്ട്.

“ഭൂപടത്തില്‍ ഇല്ലാത്തത്’ എന്ന മനോഹരമായ കവിതയില്‍ ഓര്‍മകളിലോ കിനാക്കളിലോ പേര്‍ത്തും പേര്‍ത്തും കടന്നുവരുന്ന നൊമ്പരങ്ങളുടെ വാസസ്ഥലികളിലേയ്ക്ക്  കവി വായനക്കാരെ കൊണ്ടു പോകുന്നു. മരിച്ചുപോയ പ്രിയപ്പെട്ടവരെ ഓര്‍ക്കുന്ന മനഃസഞ്ചാരങ്ങള്‍ സ്വപ്നത്തിലും ജാഗ്രത്തിലും സമാന്തരപാതകള്‍ തീര്‍ക്കുന്നുണ്ടാവണം.  മനസ്സിന്റെ അകത്തറയില്‍ നിറയുന്ന ദാരുണശില്‍പ്പങ്ങളും നടുക്കുന്ന മരണചിത്രങ്ങളും “പ്രളയരാത്രി’ പോലെയുള്ള കവിതകളില്‍ നിന്ന് നമ്മെ തുറിച്ചുനോക്കും. പഴയ കഥകളെയും കഥയ്ക്കപ്പുറമുള്ള ജീവിതത്തിന്റെയും സത്യങ്ങള്‍ കണ്ടെടുത്ത് പുനരാഖ്യാനം ചെയ്യുകവഴി അവയെ സമകാലികമായി പ്രയോഗിക്കാന്‍ ശിവദാസിന് കഴിയുന്നുണ്ട്. “പഴുതുകള്‍’, “ആമയും മുയലും’, “ഇലയും മുള്ളും’ ,”കാറ്റും വെളിച്ചവും’, “പകരം’, “കോടതിയലക്ഷ്യം’ ,”കൂടംകുളം’ തുടങ്ങിയ കവിതകള്‍ ഇത്തരം മെച്ചപ്പെടുത്തിയ പുനര്‍വായനകള്‍ കൂടിയാണ്.

കാറ്റുകൊള്ളുവാന്‍ പോയ
പെരുമീന്‍ കഥയെല്ലാം
ഞങ്ങള്‍ക്ക്
മുത്തശ്ശിമാര്‍

പറഞ്ഞുതന്നിട്ടുണ്ട് 

എന്ന്  മത്സ്യകുഞ്ഞിലൂടെ മുന്നറിയിപ്പ് നല്‍കുന്ന കവി ചരിത്രബോധത്താല്‍ തിരിച്ചറിവുനേടിയ കീഴാളജനതയെത്തന്നെയാണ് വരച്ചിടുന്നത് (“കാറ്റും വെളിച്ചവും’).

കോടതി
പണ്ടേ നിന-
ക്കൊപ്പമാണല്ലോ
കാട്ടു-
നീതികള്‍ നടപ്പാക്കാന്‍

എന്ന് കോഴിയും ആത്മബോധമാര്‍ജിക്കുന്നുണ്ട് (“കോടതിയലക്ഷ്യം’ ). ഇത്തരം പുനരാഖ്യാനങ്ങളാണ്  പുതുഭാവുകത്വത്തിലേയ്ക്കുള്ള  നൈരന്തര്യത്തിന്റെ പാലങ്ങളായി പലപ്പോഴും വര്‍ത്തിക്കുന്നത്.

സ്വന്തം പത്തിയിലേക്ക്
ഒന്നു നോക്കിയാല്‍ മതി
ഒരു ഏകലവ്യനെ കാണാന്‍ 

എന്ന് “ചിലതരം വിരലുകള്‍’ എന്ന കവിതയില്‍, അപൂര്‍ണമായ ഒരു ആല്‍ബത്തെക്കുറിച്ചുള്ള വിചാരങ്ങളില്‍ മുഴുകവേ കവി തിരിച്ചറിയുന്നു. പലതരം വിരലുകളുടെ ആല്‍ബമാണത്.

“ചോര്‍ന്നൊലിക്കുന്ന മുറി’ എന്ന കവിതയില്‍ പ്രാണന്റെ വിളക്കുകള്‍ ഊതിക്കെടുത്താനാഞ്ഞൊരു നേരത്ത്  അന്ധകാരത്തില്‍ നിന്ന് മഴ പെയ്യുന്നു. ഉള്ളില്‍ പെയ്യുന്ന യാതനകളുടെ പെരുമഴ പുറത്തെ മഴയില്‍ വിലയം പ്രാപിക്കുന്നു. ചോര്‍ന്നൊലിക്കുന്ന മുറിയില്‍ തന്റെ ജീവിതവുമായി പ്രണയത്തിലാണ് കവി (“അപമൃത്യുവിന്‍ സ്മൃതിമണ്ഡപം മഹാകഷ്ടം’). കാവ്യജീവിതത്തിന്റെ ഏകാന്തമുറികളില്‍ ഈ പ്രണയം മനസ്സിലേക്കരിച്ചിറങ്ങുന്ന ഈര്‍പ്പക്കാറ്റായി അതിജീവനത്തിന്റെ ഔഷധങ്ങളായിത്തീരും. ജീവിതത്തോടുള്ള പ്രണയനഷ്ടവും പ്രണയവും അതിജീവനത്തിനായുള്ള ആത്മസമരത്തില്‍ ഇണകളായി വര്‍ത്തിക്കുന്നു.  കവിതയും പ്രണയവും ജീവനോടെയിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇവിടെ ജീവിതം തന്നെ ഏറ്റവും വലിയ മാധ്യമം. ജീവിതത്തെ തൊട്ടും രുചിച്ചും അനുഭവിച്ചും നേടിയ ഉള്‍ക്കാഴ്ചകളാണ് ഇത്തരം സന്ദര്‍ഭങ്ങളില്‍ കവിയ്ക്ക് കൂട്ടാവുന്നത്. തന്റെ തന്നെ ഭാവനകളെ അതിവര്‍ത്തിച്ചു കടന്നു പോവുന്ന ആത്മപ്രകാശനത്തിന്റെ സൗന്ദര്യം കണ്ട് മുന്നേറുന്ന കവി  ജീവിതത്തിന്റെ വിസ്മയകരമായ ആഴങ്ങള്‍ നോക്കി നടത്തുന്ന ആത്മഭാഷണമായി ഇത്തരം മുഹൂര്‍ത്തങ്ങളില്‍ കവിത  മാറുന്നു. ആത്മഗതത്തിന്റെ ഏകാന്തപരിസരങ്ങളില്‍നിന്ന് ഉതിരുന്ന സ്വരശില്‍പ്പമായത് പരിവര്‍ത്തനപ്പെടുന്നു. മഴ ഏറെ കവിതകളില്‍ പശ്ചാത്തലബിംബമായി വരുന്നത് കാണാം.

മഴയുടെ നെഗറ്റീവിലൂടെ
അരിച്ചിറങ്ങുന്ന
വെളിച്ചത്തില്‍
നിന്റെ മുഖം നനയുന്നു.
ഓരോ കോണിലും
ഓരോ അര്‍ഥം
മഴയ്ക്ക്.

എന്ന് മഴയര്‍ഥങ്ങളുടെ പലമ “മഴയുടെ ആല്‍ബം ചില ചിത്രങ്ങള്‍കൂടി’ എന്ന വിക്ടര്‍ ജോര്‍ജിന്റെ സ്മൃതി ചിത്രകവിതയില്‍ കുറിച്ചിട്ടുണ്ട്.

“മൃഗമുഖം’ പോലുള്ള കവിതകളില്‍, നാം എടുത്തണിയുന്ന പുറംകവചങ്ങളെ ആത്മവിമര്‍ശത്തിന്റെ ഉലയില്‍ കനലിലെരിയിച്ച് ശുദ്ധീകരിക്കുന്നു. ചരിത്രത്തില്‍ നടക്കുന്ന അട്ടിമറികളെ സൂചിപ്പിക്കുന്ന “ചരിത്രത്തില്‍ അഥവാ പുസ്തക മുറിയില്‍ സംഭവിക്കുന്നത് ‘എന്ന കവിതയില്‍ ചരിത്രത്തിന്റെ നേരുകളെ മാറ്റിയെഴുതുന്ന ഫാസിസ്റ്റുകളുടെ പ്രവൃത്തികളെ കൃത്യമായ രാഷ്ട്രീയാന്തര്‍ഗതങ്ങളാല്‍ കനംവച്ച ബിംബാവലികളള്‍കൊണ്ട് അനാവരണം ചെയ്തുകൊണ്ട് കുറിച്ചിടുന്നതിങ്ങനെ.

താളില്‍നി-
ന്നിറക്കിവെക്കുന്ന
പഴയ ബിംബങ്ങള്‍,
പുനഃപ്രതിഷ്ഠകള്‍,
ഇരച്ചു കേറുന്ന
പുതിയസംഘങ്ങള്‍ ..

“സുനന്ദയുടെ ഓര്‍മകള്‍ എന്ന കവിതയില്‍ “വൈലോപ്പിള്ളിയുടെ “മാമ്പഴം’ ഉതിര്‍ത്ത കണ്ണീരിനെ അറ്റുവീണ ബോംബിനാല്‍ ഇല്ലാതാ(ക്കി)യ ഓമല്‍ക്കിടാവിനെ ഓര്‍ത്തുള്ള അമ്മയുടെ കിനാനിദ്രയിലേയ്ക്ക്  പടര്‍ത്തിയ കവി മറ്റൊരു അമ്മയെ നമ്മുടെ കാലത്തിലേയ്ക്ക് കവി ചേര്‍ത്തുവെക്കുന്നത്,

ഒച്ചയുമനക്കവു-
മില്ലാത്ത മുറിക്കുള്ളില്‍
കഴുകിക്കമഴ്ത്തിയ
പാത്രങ്ങള്‍ക്കൊപ്പം
ഒക്കെയും മറന്നൊരു
കിടപ്പുണ്ടവള്‍ക്കെന്നും.

എന്നു വീട്ടമ്മയുടെ ദൈന്യത്തെ ആവിഷ്‌കരിച്ചുകൊണ്ടാണ് (“പ്രഷര്‍ കുക്കര്‍ ‘) . മാമ്പഴം എന്ന കവിതയെ ഹൃദയാഴങ്ങളില്‍ പ്രതിഷ്ഠിച്ച, അലിവും വിമോചനരാഷ്ട്രീയവും ഉള്ള ഒരു കവിയ്‌ക്കേ ഇങ്ങനെ ആ വികാരത്തെ പുതുകാലവല്‍ക്കരിക്കാനാവൂ.

ഇതും മറക്കല്ലേയച്ഛാ
എന്റെ കുടയാണിത്.

“മഴയത്ത് ‘ എന്ന കവിതയിലെ മകളുടെ ഈ വാക്കുകള്‍ മനസ്സിലേക്കിട്ടു തരുന്ന താക്കീത് ആഴത്തിലേക്ക് പതിക്കുന്ന അനുഭവമായി മാറുന്നു. മക്കളുടെ താക്കീതുകള്‍ പലപ്പോഴും മാതാപിതാക്കള്‍ മറന്നുപോകുകയാണല്ലോ.

“മഴയത്ത് നില്ക്കുന്നവര്‍’ എന്ന കവിതയില്‍ നാം സൗകര്യപൂര്‍വം മറന്ന ഒരച്ഛന്റെ വിതുമ്പലിന് ചെവിയോര്‍ക്കുകയാണ് കവി. രാജന്റെ അച്ചന്‍ ഈച്ചരവാരിയരുടെ . മഴരാത്രിയില്‍ പുത്രനരികില്‍ അച്ഛനും നനഞ്ഞു നില്‍ക്കുന്നു കവിമനസ്സില്‍. അലിവേറെയുള്ള ഒരു രാഷ്ട്രീയത്തിന്റെ പ്രകാശനമാണത്. “ഇരയെഴുത്ത് ‘എന്ന കവിതയില്‍ കവി ആ രാഷ്ട്രീയത്തെ വികസിപ്പിക്കുന്നുണ്ട്. ആവിഷ്‌കരിക്കപ്പെടാതെ അവശേഷിക്കുന്ന ഇരകളെ ഏത് എഴുത്തിനാണ് ഉള്‍വഹിക്കാനാവുക എന്ന ചോദ്യം ആത്മവിമര്‍ശനം കൂടിയായി കാണാം. പുസ്തകശാലയില്‍ ഒറ്റക്കിരുന്നാല്‍ കവി കേള്‍ക്കുന്നത് ജീവിതത്തിലെ മഹാസത്യങ്ങള്‍. പുസ്തകങ്ങള്‍ നിശ്ശബ്ദരാക്കപ്പെട്ട മനുഷ്യരെപ്പോലെ ആത്മഗതം ചെയ്യുന്നു. പൊള്ളുന്ന വാസ്തവങ്ങള്‍ പരസ്പരം പങ്കുവയ്ക്കുന്നു.(“ലൈബ്രറിയില്‍ ഒറ്റയ്ക്കിരുന്നാല്‍’). “പേടിത്തൊണ്ടന്‍’ എന്ന കവിതയിലാകട്ടെ  നമ്മെ മറയില്ലാതെ തുറക്കുന്നു. വിളിച്ചുകൂവാന്‍ കഴിയാതെ വിഴുങ്ങിക്കളഞ്ഞ വാക്കുകളെ എഴുത്തില്‍നിന്ന് കീറിക്കളഞ്ഞ്   എഴുത്തുകാര്‍ ഉണ്ണുകയും ഉടുക്കുകയും ഇണചേരുകയും കവിതയെഴുതുകയും  ഒന്നുമറിയാത്തവരായി നടിച്ച് യാഥാസ്ഥിതികത്വത്തിന്  സ്വന്തപ്പെടുകയും ചെയ്യുന്നു. “പ്രദര്‍ശനവും വില്പനയും’ എന്ന കവിത വണിക്കുവല്‍ക്കരിക്കപ്പെടുന്ന നമ്മുടെ തന്നെ മനോഭാവത്തിലന്തര്‍ഭവിച്ച ധനലീലകളെ അസ്വസ്ഥതയുണര്‍ത്തും വിധം കോറിയിടുന്നു.

വെയിലിന്റെ ചില്ലിട്ട്
പ്രെയിം ചെയ്തു വെച്ച
കുന്നുകളുടെ ചിത്രം
നല്ല വിലയ്ക്കാണ്
ഇന്നലെ പോയത്.
നിലാവു കൊണ്ട്
ലാമിനേറ്റ് ചെയ്ത
പുഴയുടെ ചിത്രം
ഏതോ റിസോര്‍ട്ടുകാരനാണ്
കൊണ്ടുപോയത്.

ഒരു പാട് ചിത്രങ്ങള്‍ ഇനിയുമുണ്ട് വില്‍ക്കാന്‍ എന്ന് ഉണര്‍ത്തിയാണ് കവി ഈ കാവ്യചിത്രം പൂര്‍ത്തിയാക്കുന്നത്.

ഇക്കിണര്‍വട്ടം
എത്രയുദാരം

(“തവളകള്‍’)എന്ന് തടവറയുടെ ഉദാരതയെ പ്രശംസിക്കാന്‍ വിധിക്കപ്പെട്ടവരായിത്തീര്‍ന്നുകൊണ്ടിരിക്കുന്ന തവളകളാണല്ലോ നമ്മളും.    “മണ്ണില്‍ച്ചവിട്ടുമ്പോള്‍’ എന്ന കവിത വായിക്കുമ്പോള്‍ കവിയാര്‍ജിച്ച ഉറപ്പുകളുടെ പൊടിപ്പുകള്‍ ഈ നില്‍പ്പിന്റെ കായും പൂവും ആണെന്ന് നമുക്ക് മനസ്സിലാകും. “പകല്‍വണ്ടി’യില്‍ കവി വരച്ചിടുന്ന ചിത്രങ്ങള്‍ മനസ്സില്‍ നിറയുന്ന നമ്മുടെ തന്നെ ജീവിതമാണ്.സമയവും ഋതുക്കളും വെയിലും ഇരുട്ടും കടന്നു വരുന്ന വണ്ടി ദാര്‍ശനികൗന്നത്യമാര്‍ന്ന വിചാരങ്ങളിലേക്ക് വായനയെ നയിക്കുന്നു. “പ്രേമലേഖനം’ പുതിയ വായനയ്ക്ക് മറ്റൊരുദാഹരണമാണ്. ഉള്ളടക്കപരമായും ഭാവനാപരമായും മലയാളത്തിലെ പുതുകവിത കൈവരിച്ച മുറുക്കങ്ങളോടൊപ്പം ശിവദാസിന് സ്വാഭാവികമായി സഞ്ചരിക്കാന്‍ കഴിയുന്നുണ്ട് എന്നടിവരയിടുന്ന ഇതുപോലെ ഒട്ടേറെ കവിതകള്‍ ഈ സമാഹാരത്തിലുണ്ട്.
“മഴ നനയുന്ന വെയില്‍’ എന്ന കവിതയില്‍ മഴയുടേയും വെയിലിന്റേയും മനോഹര പെയിന്റിങ്ങുകളാല്‍ ജീവിതത്തെ നിര്‍വചിക്കുന്ന പാരസ്പര്യത്തിന്റെ ഉള്ളു തൊട്ടു,

മഴയില്‍ നനഞ്ഞ
വെയിലിന്റെ ചിരിയും
വെയിലില്‍ വിടര്‍ന്ന
മഴയുടെ ഹൃദയവും
ഇലകളുടെ രൂപത്തില്‍
പ്രകാശിച്ചു

എന്ന ഗംഭീരമായ കല്‍പ്പനയില്‍ ചെന്നുനില്‍ക്കുന്നു. തൊണ്ണൂറുകളുടെ ആദ്യം മുതല്‍  ഈ അടുത്തകാലം വരെ എഴുതപ്പെട്ട കവിതകള്‍ അടങ്ങിയ സമാഹാരം എന്നനിലയില്‍ ശിവദാസ് പുറമേരിയുടെ കാവ്യജീവിതത്തെ നിര്‍ണ്ണയിച്ച ഘടകങ്ങള്‍ ഇതില്‍ നമുക്ക് കണ്ടെത്താനാകും. വിവിധ രൂപത്തിലും ഭാവത്തിലും ഭാവനയിലും രചിക്കപ്പെട്ട കവിതകളുടെ പ്രാതിനിധ്യസ്വാഭാവവും ഈ സമാഹാരത്തിന് അവകാശപ്പെടാം. 2001 ലാണ് ശിവദാസിന്റെ ആദ്യകവിതാസമാഹാരം “ചോര്‍ന്നൊലിക്കുന്ന മുറി’ പ്രസിദ്ധീകൃതമാകുന്നത്. ഇതിനുമുമ്പുള്ള അവസാനസമാഹാരമായ “മഴ നനയുന്ന വെയില്‍’ 2015 ലും. സ്‌കൂള്‍ കുട്ടിയായിരിക്കുമ്പോള്‍ തന്നെ നാട്ടവസ്ഥകളോടും ഗ്രാമീണപ്രകൃതിയോടും താദാത്മ്യം പ്രാപിക്കുന്ന ഒരു മാനസികാവസ്ഥ കവിയില്‍ അടിയുറച്ചിട്ടുണ്ടാവണം . ജൈവപ്രകൃതിയുമായി കവി നടത്തുന്ന സംവാദം കവിതകളില്‍ ഉള്‍പ്രവാഹമായി എപ്പോഴുമുള്ളതിന്റെ കാരണമതാണെന്ന് തോന്നുന്നു.  എണ്‍പതുകളിലെ കലാലയ കാലം ഇടതു തീവ്രവാദ പ്രയോഗങ്ങളുടെ അഗ്‌നിവര്‍ഷത്തിനുശേഷമുള്ള ഘട്ടമായിരുന്നു കവിയെസംബന്ധിച്ചിടത്തോളം. കവിയുടെ രാഷ്ട്രീയ നിലപാടുകളെ രൂപപ്പെടുത്തിയതില്‍ നിര്‍ണായക പങ്ക് ഇക്കാലത്തിനുണ്ടാകും. രാജന്‍ സംഭവം അക്കാലത്തെ യൗവനത്തെ ഏറ്റവും സ്വാധീനിച്ച നൈതിക പ്രശ്‌നം കൂടിയായിരുന്നു. എണ്‍പതുകളിലേയും തൊണ്ണൂറുകളിലെ ആദ്യപാദത്തിലേയും കവിതകളില്‍ അതിന്റെ പ്രതിഫലനം കാണാം. കവിയുടെ സ്വാതന്ത്ര്യബോധത്തേയും സാമൂഹ്യനീതിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളേയും ഈ സംഭവങ്ങള്‍ വികസിതമാക്കുകയും പുതുക്കിപ്പണിയുകയും ചെയ്തിട്ടുണ്ടെന്ന് തീര്‍ച്ച. ശേഷം തന്റേതായ കാവ്യഭാഷ കണ്ടെത്തി പുതുകവിതാലോകത്തിലേയ്ക്കുകൂടി പ്രവേശിക്കുന്ന ശ്രദ്ധേയമായ സംക്രമണത്തിന്റെ ഘട്ടത്തിലേക്ക് കടക്കുന്നതാണ് നമുക്ക്  കാണാന്‍ കഴിയുന്നത്. 

കവിതകളിലൂടെയുള്ള ആത്മാവിഷ്‌കാരത്തിന്  വാക്കിന്റെ ഭാവശക്തിയെ തിരിച്ചറിഞ്ഞുപയോഗിക്കുന്നതില്‍ ഈ കവി കാണിക്കുന്ന മിടുക്ക് ഏറെ ശ്രദ്ധേയമാണ്. ഇത്തരം സത്യപ്പെടലിലൂടെയാണ് കവി തന്റെ നിയോഗം നിറവേറ്റുന്നത്. അപ്പോള്‍ ഭാഷയുടേയും ബിംബങ്ങളുടെയും ജീവസ്സുറ്റ ഉറവകള്‍ സ്വാഭാവികമായി സംഭവിക്കുന്നു.  അടിപ്പടവായി മാനവികതയെ സംബസിച്ച വികസിത ധാരണകളും കൂടിയാവുമ്പോള്‍  പിന്നിട്ട മുഴുവന്‍ ഈടുവെയ്പുകളുടേയും പിന്‍ബലത്തോടെ ജീവിക്കുന്ന ഒരു കവിത്വം ഉരുവംകൊള്ളുന്നതായി നമുക്ക് അനുഭവപ്പെടുന്നു.  കവിതയെഴുത്തിന്റെ സാമ്പ്രദായികതയെ ശിവദാസ് വിഛേദിക്കുന്നത് ഭാവുകത്വപരമായ തുടര്‍ച്ചയെ തന്റെ കവിതയുടെ കാതലാക്കി നിലനിര്‍ത്തിക്കൊണ്ടാണ്. അതിസാധാരണ കാഴ്ചകളെ കവിതാവത്കരിക്കുന്നതിലും വാസ്തവത്തെ സൂക്ഷ്മാനുഭവത്താല്‍  പുനഃസംവിധാനം ചെയ്യുന്നതിലും കവി കാണിക്കുന്ന വഴക്കം എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രത്യക്ഷയാഥാര്‍ത്ഥ്യങ്ങളുടെ വിപരീതങ്ങള്‍തേടി സ്വന്തം ആന്തരികതയിലേയ്ക്ക് കാതോര്‍ത്ത് പല വിതാനങ്ങളിലൂടെ സഞ്ചരിക്കുമ്പോഴേ ജീവിതത്തിന്റേയും കാവ്യത്തിന്റേയും അകംപൊരുള്‍ അറിഞ്ഞാവഷ്‌കരിക്കാനാകൂ. അപൂര്‍വ്വ വൈവിധ്യം മുഖമുദ്രയായ പുതുകാല കവിതയുടെ ആത്മബലം നേരെത്തെ തന്നെ കാവ്യരചന തുടങ്ങിയ ശിവദാസിന് കൈവരുന്നത് നിരന്തരം പുതുക്കാനുള്ള ഈ സന്നദ്ധത മൂലമാണ്.

അല്ലെങ്കിലും
സ്വന്തം പേര്
വിളിച്ചു കരയുന്ന
ഒരു പക്ഷിക്ക്
എങ്ങനെ വഹിക്കാനാവും
അന്യന്റെ
ആത്മാവിനെ (‘കാക്ക’).

എന്ന് കാക്കത്തത്തെ ഉദ്‌ഘോഷിക്കുന്ന ഒരു കവിയ്ക്ക്  സ്വന്തം ദര്‍ശനം മണ്ണില്‍ കാലുറപ്പിച്ച് വിളിച്ചു പറയാതിരിക്കാന്‍ കഴിയില്ല. അതിനാല്‍ കവിതയെക്കുറിച്ച് പറയാന്‍ കവി വരുന്നില്ല. സ്വന്തം പ്രതിഭയില്‍ ആത്മവിശ്വാസമുള്ള കവിയുടെ സത്യവാങ്മൂലമാണ് “വരുന്നില്ല ഞാന്‍ ‘ എന്ന കവിത.

അളന്നുമുറിച്ച
കാലുകള്‍
പാകമാകില്ല കവിതയ്ക്ക്
ഞാന്‍ വരുന്നില്ല ചങ്ങാതീ
കവിതയെക്കുറിച്ച് പറയാന്‍.
​​​​​​​

കവിതയായിരിക്കുക എന്ന നിയോഗത്തില്‍ തുടരുന്നതിന് തന്റെ രചനകള്‍ക്ക് കൊടുക്കേണ്ടുന്ന വിലകളെപ്പറ്റി കവിക്ക് നന്നായറിയാം.

ഭാഷയില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും കാവ്യലോകത്തെ വലിയ വിപ്ലവങ്ങളുടെ അടയാളമായി ഭവിക്കുകയോ നിദാനമായിത്തീരുകയാ ചെയ്യാറുണ്ട്. ചരിത്രത്തിലും വര്‍ത്തമാനകാലത്തും  ജീവിതത്തിന്റെ മൂലകങ്ങളെ അനുഭൂതിബിംബങ്ങളാല്‍ ദൃശ്യപ്പെട്ടുത്തി ഈ കവി നടത്തുന്ന വാഗ് സഞ്ചാരങ്ങള്‍ മൗലികമായിത്തീരുന്നു.  കവിതയിലെ കാല്‍പ്പനികതയ്ക്ക് വിപരീതദിശയില്‍ സഞ്ചരിച്ച് വാസ്തവികതയുടെ പുതിയ വന്‍കരകളിലെത്തിച്ചേരുന്നതിനിടെ  ചോര പൊടിയുന്നത് വായനക്കാര്‍ക്ക് കാണാം. അനുഭവങ്ങളുടെ മൊഴിമാറ്റമായി കവിതയെക്കാണുന്ന ഒരു കവിയ്ക്ക് പക്ഷേ ഈ സഞ്ചാരം കൂടിയേ കഴിയൂ. ദുരിതം പാനം ചെയ്തും ജൈവലോകഹത്യയെ ഒഴിവാക്കാന്‍ ചോര്‍ന്നൊലിക്കുന്ന മുറികളില്‍ ഇനിയും ജീവിതത്തെ ഉദ്‌ഘോഷിക്കാന്‍ കവി തയാറാകുന്നത് അതുകൊണ്ടാണ്. മനുഷ്യനെ പ്രതിഷ്ഠിച്ച കണ്ണാടികള്‍ എന്ന പേരില്‍ ഈ സമാഹാരത്തില്‍ ഒരു കവിതയില്ല. എന്നാല്‍ എല്ലാ കവിതകളിലും ഇത്തരം കണ്ണാടികള്‍ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതായി നമുക്കു കാണാം.


tags:

,

related posts

ജനനിബിഡമെങ്കിലും നിശബ്ദമായ വീട് | ഡോ. പി. സുരേഷ്

കാലത്തിന്റെ ചുമര്‍ചിത്രങ്ങള്‍ | ഡോ. ദേശമംഗലം രാമകൃഷ്ണന്‍