ശിവദാസ് പുറമേരിയുടെ ‘ചിലതരം വിരലുകള്‍’ എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തുകൊണ്ട് എം.ടി. നടത്തിയ പ്രസംഗം. തയ്യാറാക്കിയത്: കെ.ടി. ദിനേശ്
കവിതയുടെ സര്‍ഗാത്മകതലങ്ങളെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ആളല്ല ഞാന്‍. എന്നാല്‍, കവിതയുടെ വികാസ പരിണാമങ്ങളെക്കുറിച്ച് എന്‍റെ വായനയിലൂടെ ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. കവിത എനിക്ക് ഇഷ്ടമാണ്. കവിത വായിക്കാറുണ്ട്. ഏത് തരത്തിലുള്ള ഭാവനയുടെയും ആത്മാവിന്റെയു ള്ളിൽ നിലകൊള്ളുന്നത് കവിതയാണ്. എല്ലാ സാഹിത്യരൂപങ്ങളിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. കവിതയിലും കാലോചിതമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആദ്യകാലത്ത് ഞാനടക്കമുള്ള ആളുകൾ എഴുതിത്തുടങ്ങിയത് കവിതകളാണ്. പിന്നീടാണ് ഓരോരുത്തരും അവരവരുടെ മേച്ചിൽപ്പുറങ്ങൾ തേടിപ്പോയത്.
അന്നൊക്കെ ഉദയത്തെക്കുറിച്ച്, ചന്ദ്രോദയത്തെക്കുറിച്ച്, അസ്തമനത്തെക്കുറിച്ച്, ചിലപ്പോൾ ഒരു താമരക്കുളത്തെപ്പറ്റി, ഉദ്യാനങ്ങളെപ്പറ്റി, പൂക്കളെപ്പറ്റി കവിതകൾ എഴുതപ്പെട്ടിട്ടുണ്ട്. ഉദ്യാനത്തെക്കുറിച്ച് മലയാളിക്ക് ഒരു സങ്കല്പമുണ്ടാകുന്നത് തന്നെ ബ്രിട്ടീഷ് ഭരണത്തിനുശേഷമാണ്. എന്നാൽ, പ്രകൃതിയിലെ ചില ഭാവങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടുള്ള കവിതകൾക്കുശേഷം, അതിൽനിന്നും മാറി ആഖ്യാന പ്രധാനമായ കവിതകൾ നിലവിൽവന്നു. ചുറ്റുമുള്ള സുന്ദരവസ്തുക്കളെക്കുറിച്ച് മാത്രമല്ല കവിതകളുണ്ടായത്. മനസ്സിനെ ആഹ്ലാദിപ്പിക്കുന്ന, മധുരമായ അസ്വാസ്ഥ്യമുണ്ടാക്കുന്ന പ്രകൃതിദൃശ്യങ്ങൾ തന്നെ മാഞ്ഞു പോയപ്പോൾ ഇനിയെങ്ങനെ കവിതയെഴുതുമെന്നായിരുന്നു കവികൾ ചിന്തിച്ചത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് യൂ റോപ്പിലുണ്ടായിട്ടുള്ള കോൺസൺട്രേഷൻ ക്യാമ്പുകൾ സന്ദർശിച്ചവർ അനവധിയാണ്. ധാരാളം കവികളുമുണ്ടാ യിരുന്നു. ഇതാണ് സ്ഥിതിയെങ്കിൽ ഇനിയെങ്ങനെ കവിതയെഴുതുമെന്ന് പല കവികളും ചോദിക്കുകയുണ്ടായി. ലക്ഷക്കണക്കിനു ആളുകളെ ഗ്യാസ് ചേമ്പറിൽ അടച്ചുകൊന്ന സ്ഥലം ഞാൻ കണ്ടിട്ടുണ്ട്. നമ്മളെങ്ങനെ നിലനിൽക്കുന്നുവെന്ന് നമ്മെ അദ്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു അവിടെ. കൃത്യമായ ഒരു സ്ഥലത്തുനിന്ന് ശവശരീരങ്ങൾ വരുന്നു. മറ്റൊരിടത്തുനിന്ന് അതിന് ജീവനുണ്ടോയെന്ന് തട്ടിനോക്കു ന്നു. സ്വർണ്ണപ്പല്ലുകളുണ്ടോയെന്ന് പരിശോധിക്കുന്നു.
അവിടെനിന്ന് ഒരു കൺവേയർ ബൽറ്റിലൂടെ സഞ്ചരിച്ച് അവസാനം വെറും ഭസ്മമായി മാറ്റപ്പെടുന്നു.
കൊടും തണുപ്പുള്ള സമയത്ത് ഈ കോൺസൻട്രേഷൻ ക്യാമ്പുകളിൽ എത്തിപ്പെട്ട ആളുകൾക്ക് ശരിക്കുള്ള പാദരക്ഷകൾപോലും ഉണ്ടായിരുന്നില്ല. മരത്തിൽ കുഴിച്ചുണ്ടാക്കിയ പാദരക്ഷകളായിരുന്നു അവർ ഉപയോഗിച്ചത്. ഇത്തിരിപ്പോന്ന ഷൂസുകളുടെ മാതൃക. കുട്ടികൾക്കായുള്ളത്. അതൊക്കെ അവിടെ കൂട്ടിയിട്ടത് കാണുമ്പോൾ നമുക്കുണ്ടാകുന്ന മാനസികാവസ്ഥയെക്കുറിച്ച് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. ഭക്ഷണം കഴിക്കാനോ കൂടെയുള്ള ആളുകളോട് സംസാരിക്കുവാനോ എനി ക്ക് കഴിഞ്ഞില്ല. ഇങ്ങനെയൊരു മാനസികാവസ്ഥയിൽപ്പെട്ടുപോയത് കൊണ്ടായിരിക്കാം പിൽക്കാലത്ത് പല കവി കളും ഇനിയെങ്ങനെ കവിതയെഴുതുമെന്ന് ചോദിച്ചുപോയത്. ചില കവികളെയൊക്കെ സച്ചിദാനന്ദൻ ഇവിടെ ഉദ്ധരിച്ചിട്ടുണ്ട്.
എന്തുതന്നെയായാലും കവിത എഴുതിക്കൊണ്ടിരിക്കും. നമ്മുടെ അച്ചടിഭാഷയിൽ, അറിയപ്പെടുന്ന ഭാഷയിൽ കവിതകൾ എഴുതപ്പെട്ടതുപോലെതന്നെ പല ഭാഷകളിലും വാമൊഴിയായി മാത്രം നിലനിൽക്കുന്ന കവിതകളും ഉണ്ടാ
യിട്ടുണ്ട്.
വാമൊഴിയായി പല രാമായണങ്ങൾ കർണ്ണാടകത്തിൽ വാമൊഴിയായി പല രാമായണങ്ങളുമുണ്ടായിരുന്നുവെന്ന് കവിയും വിമർശകനും വിവർത്തകനുമായ എ.കെ. രാമാനുജം പറഞ്ഞിട്ടുണ്ട്. അവരാരും തന്നെ വാത്മീ കി രാമായണം വായിച്ചവരുമായിരുന്നില്ല. വാത്മീകിരാമായണത്തെ അവലംബമാക്കിയുള്ള പല രാമായണങ്ങളും കർണ്ണാടകത്തിൽ നിലനിന്നിരുന്നു. അവയിലൊന്ന് പ്രത്യേക പരാമർശമർഹിക്കുന്നു. രാമൻ കാട്ടിൽ പോകുമ്പോൾ സീതയോട് പറയുകയാണ്. “കാട് വളരെ മോശമാണ്. നീ മൃദുവായ ജീവിത സാഹചര്യങ്ങളിൽ വളർന്നവളാണ്. ഒരിക്കലും വരരുത്. അച്ഛനെ പരിചരിച്ച് ഇവി ടെയിരിക്കുക. അവസാനം സീത പറയുകയാണ് ഞാൻ കേട്ട രാമായണത്തിലൊന്നും ഇങ്ങനെയല്ലല്ലോ. സീത കാട്ടിൽ പോ കുന്നുണ്ടല്ലോ. നിങ്ങളെന്താ എന്നോട് വരരുത് എന്നു പറയുന്നത്?
ഇങ്ങനെയുള്ള വാമൊഴി രൂപങ്ങൾ പലയിടത്തും ധാരാളമായുണ്ട്. മരുഭൂമിയിലൂടെ ഒറ്റയ്ക്ക് ഒട്ടകത്തെ നയിച്ചു കൊണ്ടുപോകുന്ന ഇടയന്മാർ (കുട്ടികളടക്കം) അപ്പപ്പോൾ പാട്ടുകളുണ്ടാക്കി ചൊല്ലിയിരുന്നു.
ബർഗ്മാന്റെ കാമുകി ലിവ് ഉൾവാൻ അവരുടെ ആത്മകഥയിൽ ഈ പാട്ടുകളെക്കുറിച്ചു പറയുന്നുണ്ട്. ആരാണ് ഈ പാട്ടെഴുതിയതെന്നു ചോദിച്ചപ്പോൾ ഇടയന്മാരാണെന്നും സ്വരം മാറ്റിപ്പാടുന്ന വരികൾ ഒട്ടകങ്ങളുടേതാണെന്നും അവർ പറയുന്നു.
ഇനിയെങ്ങനെ കവിതയെഴുതും എന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ പോലും കവിത നമ്മളിൽ നിന്ന് അക ന്നുപോകുന്നില്ല. കവിത നമ്മുടെ കൂടെത്തന്നെ നിൽക്കുന്നു. രൂപത്തിലും ഭാവത്തിലും ഏറെ മാറ്റങ്ങൾ സംഭവിക്കു ന്നുവെന്നുമാത്രം. ജീവിതത്തിലെ കാർക്കശ്യങ്ങൾ, കാലുഷ്യങ്ങൾ, തിക്താനുഭവങ്ങൾ… കവിതയെഴുതിയാൽ ഇതിനൊക്കെ ഒരു പരിഹാരമാകുമോ എന്നു ചോദിച്ചാൽ നമുക്ക് ഉത്തരമില്ല. പക്ഷേ, ഈ കാർക്കശ്യങ്ങളും ക്രൂരതകളുമൊക്കെയുണ്ടാവുന്നത് മനുഷ്യമനസ്സിലാണ്. അതിനുള്ള പ്രതിരോധമുണ്ടാകേണ്ടതും ഈ മനസ്സിൽ തന്നെയാണ്. ആ പ്രതിരോധം വാക്കുകളിലൂടെയാണ് രൂപംകൊള്ളുന്നത്. ആ വാക്കുകളാണ് നമ്മുടെ മുന്നി ലേക്ക് കവിതയായി എത്തിക്കൊണ്ടിരി ക്കുന്നത്.
കവിതയെപ്പറ്റിയുള്ള ചർച്ചയ്ക്കൊന്നും ഞാനില്ലെന്നും കവിത സ്വയം സംസാരിക്കുമെന്നും ഈ സമാഹാരത്തിലെ ആദ്യ കവിതയിൽ തന്നെ ശിവദാസ് പറയുന്നുണ്ട്. ചില ആത്യന്തികമായ സത്യങ്ങൾ- ഇവയൊക്കെ നമുക്ക് മറ്റൊരുതരത്തിൽ തോന്നിയതാണെങ്കിലും
വളരെ ഒതുക്കിയ രൂപത്തിൽ ശിവദാസ് നമുക്ക് മുന്നിലേക്ക് കൊണ്ടുവരു ന്നു.
“ചരിത്രത്തിൽ അഥവാ പുസ്തകമുറിയിൽ സംഭവിക്കുന്നത്’ എന്ന കവിത നോക്കുക. വായനശാലയിൽ, വായനാ മുറിയിൽ പുസ്തകങ്ങൾ തലതിരിഞ്ഞു വരുന്നു. ഇതിൽ തിരഞ്ഞപ്പോൾ പണ്ടു വായിച്ച ചരിത്രത്തിലെ പലതും മാഞ്ഞു പോയിരിക്കുന്നു. എല്ലാം തലതിരിഞ്ഞിരിക്കുന്നു. ഇത് ഒരു ഫലിതമായി കരുതേണ്ടതല്ല. ഈ വരികൾ തീരുമ്പോൾ നമ്മുടെ ചരിത്രത്തിൽ, രാഷ്ട്രങ്ങളുടെ ചരിത്രത്തിൽ, ഭാഷയുടെ ചരിത്രത്തിൽ, തത്ത്വശാസ്ത്രങ്ങളുടെ ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള പല മാറ്റങ്ങളെയും പറ്റി ഒന്നുകൂടി ആലോചിക്കാനുള്ള പ്രേരണ
നൽകുന്നു. ഇതുവരെ നാം കണ്ടിട്ടുള്ളതിനുമപ്പുറത്തേക്ക് കാണുന്നവയാണ് ശിവദാസിന്റെ മിക്ക കവിതകളും.
കടൽക്കരയിൽ ഒരു ശവം കണ്ടു. അത് അവളല്ലാതിരിക്കട്ടെ. റയിൽ പാളത്തിലും മോർച്ചറിയിലുമൊക്കെ അന്വേഷിക്കുമ്പോൾ അത് അവളല്ലാതിരിക്കട്ടെ എന്നുതന്നെയാണ് പ്രാർത്ഥന. പക്ഷേ, ഇതു പറയുമ്പോൾ എങ്ങനെയെങ്കിലും അത് അവൾതന്നെയാകട്ടെയെന്ന നിഗൂഢമായ ഒരു പ്രാർത്ഥന ഉള്ളിലൊളിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതാണ് ഈ കാലഘട്ടത്തിന്റെ ക്രൗര്യം. ആ ക്രൗര്യമാണ് ശിവദാസ് പുറമേരി കവിതകളിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്.
നമ്മുടെ പഴയ സങ്കല്പങ്ങളെല്ലാം മാറി. മധുരങ്ങളായ പദാവലികളും മാറി. കാരണം, ജീവിതത്തിന്റെ എല്ലാ മാധുര്യങ്ങളും നമുക്ക് നഷ്ടമായിരിക്കുന്നു. നമ്മൾ കാണുന്നത് തിക്തതകളും കയ്പുകളും മാത്രമാണ്. ക്രൗര്യങ്ങൾ മനുഷ്യമനസ്സിലുണ്ടാവുന്നു. അതിനെതി രെയുള്ള പ്രതിരോധങ്ങൾ മനസ്സുകളിലുണ്ടാവണമെന്ന് നിശ്ശബ്ദമായി ഓർ മ്മപ്പെടുത്തുകയാണ് കവി എന്നും ചെ യ്യുന്നത്. വെറും രസിപ്പിക്കലല്ല. ചിന്തകളെ തത്ത്വചിന്താപരമായി ഉണർത്തലുമല്ല. അതിനുമപ്പുറത്ത് പരുഷമായ ജീവിതസത്യങ്ങളെപ്പറ്റി നമ്മെ ഓർമ്മിപ്പിക്കുവാനുള്ള ശ്രമമാണ് ശിവദാസിന്റെ കവിതകളിൽ ഞാൻ കാണുന്നത്. അവ നമ്മെ നടുക്കുന്നു. ചിലപ്പോൾ ഞെട്ടിപ്പിക്കുന്നു. നമ്മുടെ നിസ്സഹായാവസ്ഥ യെപ്പറ്റി ബോധ്യപ്പെടുത്തുന്നു. ഇതിനെല്ലാം ഉത്തരവാദിയായ മനുഷ്യൻ. ആ മനുഷ്യന്റെ ഉള്ളിലേക്കാണ് തന്റേതായ പ്രതിരോധം എന്ന നിലയ്ക്ക് കവിതയിലെ ഓരോ വാക്കും കവി സന്നിവേ ശിപ്പിക്കുന്നത്. ഇത് വളരെ പ്രാധാന്യ മുള്ള ഒരു കവിതാ സമാഹാരമാണ്. അനേകം കവിതകളും സമാഹാരങ്ങളും പുറത്തിറങ്ങി ക്കൊണ്ടിരിക്കുന്നു. പക്ഷേ, അവയിൽ ചിലത് നമ്മെ പിടി ച്ചിരുത്തുന്നു. ഇതെങ്കിലും ചെയ്യണമേ യെന്ന് തോന്നിപ്പിക്കുന്ന കവിതകൾ. ഇതാണ് നമ്മുടെ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം